ചങ്ങനാശേരി: സ്വിറ്റ്‌സർലൻഡിൽ സ്ഥിരതാമസമാക്കിയ ചങ്ങനാശേരി സ്വദേശിയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ സ്ഥിരം മോഷ്ടാക്കളായ രണ്ടു പേർ പിടിയിൽ. തിരുവല്ല തുകലശേരി ശരത് ശശി(33), കായംകുളം പുല്ലുകുളങ്ങര സുധീഷ്(35) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. സ്വിറ്റ്സർലാന്റിൽ കുടുംബസമേതം താമസിക്കുന്ന മാമ്മൂട് പാറുകണ്ണിൽ ജോസഫ് ദേവസ്യയുടെ അടഞ്ഞു കിടന്ന വീട്ടിലാണ് മോഷണം നടന്നത്. വീടിനകത്തെ വിദേശ നിർമിതവും വിലപ്പിടിപ്പുള്ളതുമായ പൈപ്പ് ഫിറ്റിംഗ്സ്, ഉരുളി, നിലവിളക്ക്, വിലകൂടിയ പാത്രങ്ങൾ എന്നിവ ഉൾപ്പെടെ നാലര ലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികളാണ് മോഷണം പോയത്.
വിദേശത്തായിരുന്ന ജോസഫ് ദേവസ്യയും കുടുംബവും രണ്ട് മാസം മുൻപ് നാട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സമാന രീതിയിൽ മോഷണം നടത്തുന്ന കുറ്റവാളികളെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോട്ടയത്ത് മറ്റൊരു മോഷണക്കേസിൽ പ്രതികളും കോട്ടയം സബ് ജയിലിൽ ശിക്ഷയിൽ കഴിഞ്ഞിരുന്ന ശരത്തിനേയും സുധീഷനേയും പൊലീസിന് പിടികൂടാൻ കഴിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശരതും സുധീഷും വൈകുന്നേരങ്ങളിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച് ആൾതാമസമില്ലാത്ത വീടുകൾ കണ്ടെത്തി വയ്ക്കും. പിന്നീട്, അവസരം നോക്കി രാത്രിയിൽ എത്തി മോഷണം നടത്തുകയാണ് പതിവെന്നു പൊലീസ് പറഞ്ഞു. ഇതേ രീതിയിലാണ് മാമ്മൂട്ടിലെ വീട് കണ്ടെത്തി പ്രതികൾ മോഷണം നടത്തിയത്. ഇരുവരുടെയും പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുള്ളതായും പൊലീസ് പറഞ്ഞു.
ചങ്ങനാശേരി ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നിർദേശ പ്രകാരം തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഇ അജീബ്, എസ് ഐ അഖിൽദേവ്, എഎസ്ഐ ഷിബു, സ്‌ക്വാഡ് അംഗങ്ങളായ തോമസ് സ്റ്റാൻലി, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.