ഏറ്റവും ഗൗരവത്തില്‍ നാം സമീപിക്കുന്നൊരു രോഗമാണ് ക്യാന്‍സര്‍. ശരീരത്തിലെ വിവിധ അവയവങ്ങളിലും ബാധിക്കുന്നതായി എത്രയോ തരത്തിലുള്ള ക്യാന്‍സറുകളുണ്ട്. സമയത്തിന് രോഗം കണ്ടെത്താനായാല്‍ ഇന്ന് ഫലപ്രദമായ ചികിത്സ ക്യാന്‍സറിനുണ്ട്. എന്നാല്‍ സമയത്തിന് രോഗം കണ്ടെത്തപ്പെടുന്നില്ല എന്നതാണ് മിക്ക കേസുകളിലും തിരിച്ചടിയാകുന്നത്.
രോഗലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കുമ്പോള്‍ അത് മനസിലാക്കാന്‍ സാധിക്കണം. മനസിലാക്കിയാല്‍ മാത്രം പോര, ഡോക്ടറെ കണ്ട് വേണ്ട പരിശോധനകള്‍ നടത്തി രോഗമുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കുകയും വേണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്തായാലും ക്യാന്‍സറിന്റെ കാര്യത്തില്‍ ശരീരം പ്രകടിപ്പിച്ചേക്കാവുന്ന ചില പൊതു ലക്ഷണങ്ങളുണ്ട്. ഇവ ഏതെല്ലാമാണെന്നാണ് ഇനി പങ്കുവയ്ക്കുന്നത്.
ഇടവിട്ടുള്ള പനി…
സാധാരണഗതിയില്‍ നമ്മെ ബാധിക്കുന്ന ജലദോഷപ്പനിയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ക്യാന്‍സര്‍ രോഗത്തിന്റെ അനുബന്ധമായി വരുന്ന പനി. ഇടവിട്ട് വന്നുപോകുന്ന പനിയാണ് ഇതിലെ പ്രത്യേകത. അധികവും രാത്രിയാണ് ഇങ്ങനെ പനി വന്നുപോകുക.
ചര്‍മ്മത്തില്‍ വരുന്ന വ്യത്യാസങ്ങള്‍…
ചര്‍മ്മത്തില്‍ കാഴ്ചയിലോ അല്ലെങ്കില്‍ സ്വഭാവത്തിലോ പെട്ടെന്ന് വരുന്ന വ്യത്യാസങ്ങളും ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പുതുതായി വരുന്ന കാക്കപ്പുള്ളികള്‍ അവയുടെ സവിശേഷതകള്‍ എല്ലാം ഇതുപോലെ സൂക്ഷ്മമായി നിരീക്ഷിക്കണം. കാക്കപ്പുള്ളിയുടെ വലുപ്പത്തിലും നിറത്തിലും ഘടനയിലും വരുന്ന വ്യത്യാസങ്ങളെല്ലാം ശ്രദ്ധിക്കണം.
വേദന…
ക്യാന്‍സര്‍ രോഗത്തിന്റെ ഭാഗമായി, ഇത് ബാധിച്ച അവയവത്തിന്റെ പരിസരത്തായി എപ്പോഴും വേദന അനുഭവപ്പെടാം. ഈ വേദന വന്നും പോയും കൊണ്ടിരിക്കാം. ഇങ്ങനെയുള്ള വേദനകള്‍ ശരീരത്തിലെവിടെയെങ്കിലും അനുഭവപ്പെടുന്നുവെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തേണ്ടതാണ്.
ശ്വാസതടസം…
ശ്വാസതടസം പല ആരോഗ്യപ്രശ്‌നങ്ങളുടെയോ അസുഖങ്ങളുടെയോ ഭാഗമായി ഉണ്ടാകാവുന്നതാണ്. ക്യാന്‍സര്‍ രോഗത്തിന്റെ ലക്ഷണമായും ഇത് വരാം. അതിനാല്‍ ശ്വാസതടസം പതിവായി നേരിടുന്നപക്ഷം പരിശോധന നിര്‍ബന്ധമാണ്. പ്രത്യേകിച്ച് നടക്കുമ്ബോഴോ, പടികള്‍ കയറിയിറങ്ങുമ്ബോഴോ, ചെറിയ ജോലികള്‍ ചെയ്യുമ്ബോഴോ എല്ലാം കിതപ്പ് വരുന്നുണ്ടെങ്കിലാണ് ഏറെയും ശ്രദ്ധിക്കേണ്ടത്.
ക്ഷീണം…
അകാരണമായി എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇതും നിസാരമായി തള്ളിക്കളയരുത്. കാരണം ഇതും ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ ലക്ഷണമായി വരുന്ന പ്രശ്‌നമാണ്. എന്നാല്‍ ക്യാന്‍സറിന്റെ ഭാഗമായി വരുന്ന ക്ഷീണം അസഹനീയമായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വണ്ണം കുറയല്‍…
പെട്ടെന്ന് ശരീരഭാരം കുറയുന്ന അവസ്ഥയും ഏറെ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ഗൗരവമുള്ള മാറ്റങ്ങള്‍ ശരീരത്തില്‍ നടക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ക്യാന്‍സര്‍ ലക്ഷണമായും ഇങ്ങനെ പെട്ടെന്ന് ശരീരഭാരം കുറയാം.