മുണ്ടക്കയം : നാടുകാണാൻ എത്തുന്ന വിദേശ – സ്വദേശ വിനോദ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ടേക്ക് എ ബ്രേക്ക് വഴിയിട വിശ്രമ കേന്ദ്രം പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് സജിമോൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം ബിജോയ് ജോസ് സ്വാഗതം ആശംസിച്ചു. ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ബെവിൻ ജോൺ, കൂട്ടിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ജോസ്, ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ, വികസന കാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ.എസ് മോഹനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി അംഗം ജേക്കബ് ചാക്കോ, ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ രജനി സുധീർ, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.വി ഹരിഹരൻ , രജനി സലിലൻ, സിന്ധു മുരളീധരൻ, മായ ജയേഷ്, സൗമ്യ ഷെമീർ, കൂട്ടിക്കൽ പഞ്ചായത്ത് അസി.എക്സിക്യുട്ടീവ് എൻജിനീയർ കെ.ജി അജീഷ്, സിഡിഎസ് ചെയർപേഴ്സൺ ആശാ ബിജു, എന്നിവർ പ്രസംഗിച്ചു.
കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളി, ചക്കിപ്പാറ, മുതുകോരമല ടൂറിസം വികസന പദ്ധതികളുടെ ഭാഗമായി പ്ലാപ്പള്ളി ടോപ്പിലാണ് വഴിയോര വിശ്രമ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. കൂട്ടിക്കൽ ഗ്രാമപഞ്ചായത്തും ശുചിത്വ മിഷനും ചേർന്നാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. 24.60 ലക്ഷം രൂപ മുടക്കി നിർമ്മിച്ചിരിക്കുന്ന പദ്ധതി സാധാരണക്കാരായ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രയോജനം ചെയ്യും.