കാബൂള്‍: അഫ്ഗാനിസ്താനിലെ ബഗ്രാമിലുള്ള മുൻ യുഎസ് വ്യോമത്താവളം തിരികെ വേണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യത്തെ പൂർണമായും തള്ളി താലിബാൻ സർക്കാർ.ബഗ്രാം വ്യോമത്താവളം സംബന്ധിച്ച ഒരിടപാടുപോലും സാധ്യമല്ലെന്നും ഒരിഞ്ചുപോലും വിട്ടുതരില്ലെന്നും അഫ്ഗാൻ സർക്കാരിലെ പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.
തലസ്ഥാനമായ കാബൂളിന് വടക്ക് സ്ഥിതി ചെയ്യുന്ന അഫ്ഗാനിസ്താനിലെ ഏറ്റവും വലിയ വ്യോമത്താവളമായ ബഗ്രാം താലിബാനെതിരായ 20 വർഷത്തെ യുദ്ധത്തില്‍ യുഎസ് സൈനിക നടപടികളുടെ കേന്ദ്രമായിരുന്നു. യുഎസ് അഫ്ഗാൻ വിട്ട് നാലു വർഷത്തിനു ശേഷമാണ് ബഗ്രാം തിരിച്ചുവേണമെന്ന ആവശ്യം ട്രംപ് ഉന്നയിക്കുന്നത്. ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ബഗ്രാം വ്യോമതാവളം തിരികെ ലഭിക്കുന്നതിനായി ചിലർ ഞങ്ങളുമായി ചർച്ചകള്‍ ആരംഭിച്ചതായി അടുത്തിടെ പറഞ്ഞിരുന്നു. അഫ്ഗാന്റെ ഒരിഞ്ചു മണ്ണില്‍ പോലും ഇടപാട് സാധ്യമല്ല. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല.’ അഫ്ഗാനിസ്താൻ പ്രതിരോധ മന്ത്രാലയത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഫസീഹുദ്ദീൻ ഫിത്രാദ് പറഞ്ഞു.
ചൈനയുടെ ആണവനിലയത്തിന് ഏറെ അടുത്തുനില്‍ക്കുന്ന സ്ഥലമായതിനാലാണ് യുഎസിന് ബഗ്രാം തിരച്ചുവേണമെന്ന് ആവശ്യപ്പെടുന്നതിനു പിന്നില്‍. യുകെ സന്ദർശിക്കുമ്ബോഴാണ് ട്രംപ് ആദ്യമായി ഈ അവകാശവാദം ഉന്നയിക്കുന്നത്. 1950-കളുടെ തുടക്കത്തില്‍ അന്നത്തെ സോവിയറ്റ് യൂണിയന്റെ സഹായത്തോടെയാണ് യഥാർത്ഥ വ്യോമത്താവളം നിർമ്മിച്ചത്. പത്തു വർഷത്തോളം നീണ്ട സോവിയറ്റ് അധിനിവേശകാലത്ത് ഇത് വികസിപ്പിക്കുകയും ചെയ്തിരുന്നു.
യുഎസ് പിന്തുണയില്‍ അഫ്ഗാൻ സർക്കാർ ഭരിച്ചിരുന്ന കാലത്ത് 2010-ല്‍ ഡയറി ക്വീൻ, ബർഗർ കിംഗ് തുടങ്ങിയ ഔട്ട്ലെറ്റുകള്‍ ഉള്‍പ്പെടെ സൂപ്പർമാർക്കറ്റുകളും കടകളുമുള്ള ഒരു ചെറിയ പട്ടണത്തിന്റെ വലുപ്പത്തിലേക്ക് ഇത് വളർന്നിരുന്നു. 2012-ല്‍ ബരാക് ഒബാമ, 2019-ല്‍ ട്രംപ് എന്നിവരുള്‍പ്പെടെയുള്ള യുഎസ് പ്രസിഡന്റുമാർ ഇവിടം സന്ദർശിച്ചിട്ടുണ്ട്.