ചെന്നൈ : നടൻ വിജയ് രൂപവത്കരിച്ച പാർട്ടിക്ക് തമിഴക വെട്രി കഴകം എന്ന പേര് നല്‍കരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി നേതാവ് വേല്മുരുകൻ ആവശ്യപ്പെട്ടു. ഇരു പാർട്ടികളുടെയും ഇംഗ്ലീഷിലുള്ള ചുരുക്കപ്പേര് ടി.വി.കെ എന്നാണെന്നും അത് ആശയക്കുഴപ്പമുണ്ടാക്കുമെന്നുമാണ് വേല്‍മുരുകന്റെ പരാതി.
ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ കക്ഷിയുണ്ടാക്കാൻ ആർക്കും അധികാരമുണ്ടെന്ന് വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് വേല്മുരുകൻ പറഞ്ഞു. 2012-ലാണ് തമിഴക വാഴ്വുരിമൈ കക്ഷി രൂപവത്കരിച്ചത്. ക്യാമറ ചിഹ്നത്തില്‍ പാർട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ടി.വി.കെ എന്നാണ് ചുരുക്കപ്പേര്. പുതിയ പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകാരം നല്കുമ്പോള് പേര് പ്രശ്നമാകുമെന്നും ഈ വിഷയം കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വേല്മുരുകൻ പറഞ്ഞു.