പെൺസുഹൃത്തും മറ്റൊരാളും ഹോട്ടൽ മുറിയിൽ; രാത്രിയിൽ ഇവിടെത്തി തർക്കം; പാലക്കാട് തമിഴ്നാട് സ്വദേശി മരിച്ച നിലയിൽ

പാലക്കാട്: സ്റ്റേഡിയം സ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിനോട് ചേർന്ന പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരിച്ചത് ഉയരത്തിൽ നിന്നും വീണ് തലക്കേറ്റ ക്ഷതം മൂലമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നും കണ്ടെത്തൽ. തമിഴ്നാട് കരൂർ താന്തോണിമലൈ സ്വദേശി മണികണ്ഠനെയാണ് (28) ജൂലൈ 9ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ സമയം ഇയാൾ മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Advertisements

പെൺസുഹൃത്തിനെ തേടിയാണ് ഇയാൾ പാലക്കാട്ടേക്ക് എത്തിയതെന്നും മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തിനോട് ചേർന്നുള്ള ഹോട്ടലിൽ മുറിയെടുത്തിരുന്ന യുവാവിനോടും പെൺസുഹൃത്തിനോടും ഇയാൾ തർക്കിച്ചിരുന്നതായും ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. അമിതമായി മദ്യപിച്ചിരുന്ന ഇയാളെ ഹോട്ടൽ ജീവനക്കാർ ഇറക്കിവിട്ടിരുന്നു. രാത്രി ആരുമറിയാതെ ഹോട്ടൽ മുറിയിലേക്ക് എത്താനുള്ള ശ്രമത്തിൽ അബദ്ധത്തിൽ വീണായിരിക്കും മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പാലക്കാട് സൗത്ത് പൊലീസ് നടത്തിവരികയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരിച്ച മണികണ്ഠനുമായി അടുപ്പമുണ്ടായിരുന്ന കന്യാകുമാരി സ്വദേശിനിയും സുഹൃത്തായ മലപ്പുറം സ്വദേശിയുമായിരുന്നു ഹോട്ടലിൽ മുറിയെടുത്തിരുന്നത്. രണ്ട് ദിവസമായി അവിടെ മുറിയെടുത്തു വന്ന ഇവരുടെ കതകിൽ തട്ടി നിരന്തരം ശല്യപ്പെടുത്തിയതിനെത്തുടർന്നാണ് ഹോട്ടൽ ജീവനക്കാർ മണികണ്ഠനെ പറഞ്ഞയച്ചത്. രാത്രിയിലായിരിക്കും മണികണ്ഠന്റെ മരണമെന്നാണ് പൊലീസിന്റെ നിഗമനം. ശരീരത്തിൽ വീഴ്ചയുടെ ആഘാതമല്ലാതെ മറ്റ് മൽപിടിത്തത്തിന്റെ ലക്ഷണങ്ങളില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചന.

പെയിന്റിന്റെ അംശം അകത്ത് ചെന്ന ലക്ഷണങ്ങളുള്ളതിനാൽ ചുവരിൽ പൊത്തിപ്പിടിച്ച് കയറാൻ ശ്രമം നടത്തിയിരിക്കാമെന്ന് സംശയിക്കുന്നു. തൃശൂർ മെഡിക്കൽ കോളജിൽ വെച്ചായിരുന്നു പോസ്റ്റ്മോർട്ടം. ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം ലോഡ്ജിൽ മുറിയെടുത്തിരുന്ന യുവാവിനെയും സുഹൃത്തിനെയും വിട്ടയച്ചു.

Hot Topics

Related Articles