ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം. തിരുപ്പൂരിൽ എസ്‌ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു. തിരിപ്പൂർ സ്വദേശിയായ മണികണ്ഠൻ എന്നയാളാണ് മരിച്ചത്. അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ പൊലീസിനെ ആക്രമിച്ചുവെന്നും വെടിയുതിർക്കേണ്ടി വന്നുവെന്നുമാണ് പൊലീസിന്റെ വാദം. ഒരു പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ് ഐ യെ വെടിവെച്ച കേസിൽ മറ്റ് രണ്ട് പ്രതികൾ ഇന്നലെ കീഴടങ്ങിയിരുന്നു.

ചൊവ്വാഴ്ച അർദ്ധരാത്രിയാണ് സ്പെഷ്യൽ എസ്‌ഐ ഷണ്മുഖസുന്ദരം കൊല്ലപ്പെട്ടത്. എംഎൽഎയുടെ ഫാംഹൗസിൽ നടന്ന കുടുംബ തർക്കം അന്വേഷിക്കാനെത്തിയതായിരുന്നു തമിഴ്നാട് പൊലീസ് സ്പെഷ്യൽ സബ് ഇൻസ്പെക്ടർ ഷണ്മുഖ സുന്ദരം. എഐഎഡിഎംകെ എംഎൽഎ സി മഹേന്ദ്രന്റെ ഉടമസ്ഥതയിൽ തിരുപ്പൂർ ജില്ലയിലെ ഗുഡിമംഗലത്തുള്ള ഫാമിൽ വെച്ചാണ് ചൊവ്വാഴ്ച രാത്രി കൊലപാതകമുണ്ടായത്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുഡിമംഗലത്തിനടുത്തുള്ള മൂങ്ങിൽതൊഴുവിൽ താമസിക്കുന്ന മൂർത്തി, മക്കളായ മണികണ്ഠൻ, തങ്കപാണ്ടി എന്നിവരാണ് പ്രതികൾ. എംഎൽഎയുടെ ഫാമിലാണ് മൂർത്തി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ മൂർത്തിയും മകൻ തങ്കപാണ്ടിയും തമ്മിൽ മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി. തുടർന്ന് തങ്കപാണ്ടി അച്ഛനെ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.

കുടുംബാംഗങ്ങൾ വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് സ്പെഷ്യൽ എസ്‌ഐ ഷൺമുഖസുന്ദരവും കോൺസ്റ്റബിൾ അഴഗുരാജയും സ്ഥലത്തെത്തി. മൂർത്തിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ, മൂർത്തിയുടെ മൂത്ത മകൻ മണികണ്ഠൻ ഷൺമുഖസുന്ദരത്തെ അരിവാൾ കൊണ്ട് ആക്രമിച്ചു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഷൺമുഖസുന്ദരം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കോൺസ്റ്റബിൾ അഴഗുരാജയെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു.
