മുംബൈ: ആപ്പിൾ ഐ ഫോൺ ഇപ്പോൾ ഇന്ത്യയിൽ എന്നത്തേക്കാളും ജനപ്രിയമാണ്. ആപ്പിളിന്റെ ഒരു പ്രധാന വിതരണക്കാരാണ് വിസ്‌ട്രോൺ ഇൻഫോകോം. ഇപ്പോൾ വിസ്‌ട്രോൺ ഇൻഫോകോം മാനുഫാക്‌ചറിംഗ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഓഹരികൾ 100 ശതമാനം ഏറ്റെടുക്കാൻ ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നൽകി. കരാർ അടിസ്ഥാനത്തിൽ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന തായ്‌വാൻ കമ്പനിയാണ് ഇത്. ഇതോടെ വിസ്‌ട്രോൺ ഇൻഫോകോമിന്റെ ഇന്ത്യൻ യൂണിറ്റ് ടാറ്റ ഇലക്‌ട്രോണിക്‌സ് ഏറ്റെടുക്കും.
വിസ്‌ട്രോൺ ഇൻഫോകോമിന് ദക്ഷിണേന്ത്യയിൽ, ബെംഗളൂരുവിനടുത്ത് ആപ്പിൾ ഐഫോണുകൾ നിർമ്മിക്കുന്ന ഒരു പ്ലാൻ്റ് ഉണ്ട്. ഏറ്റെടുക്കൽ നടക്കുന്നതോടെ ടാറ്റ ഗ്രൂപ്പ് ഉടൻ തന്നെ ഇന്ത്യയിലെ ആദ്യത്തെ ഐഫോൺ നിർമ്മാതാവായി മാറും. കഴിഞ്ഞ വർഷം ഒക്ടോബറിൽ, വിസ്‌ട്രോൺ ഇൻഫോകോം തങ്ങളുടെ ഇന്ത്യൻ യൂണിറ്റ് ടാറ്റ ഗ്രൂപ്പിന് 125 മില്യൺ ഡോളറിന് വിൽക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ചരിത്രപരമായ കരാർ ഇന്ത്യയുടെ ഇലക്ട്രോണിക്സ് വ്യവസായത്തെ വളർത്തുന്നതായിരിക്കും. ടാറ്റ ഗ്രൂപ്പിൻ്റെ വലിയ ചുവട്‌വെയ്പ് മാത്രമായിരിക്കില്ല ഇത്. ലോകത്തെ ഇലക്ട്രോണിക്സ് നിർമ്മാണ വിപണിയിൽ ഇന്ത്യയുടെ സ്വാധീനം വളരുന്നതിനുള്ള കാരണം കൂടിയായിരിക്കും.
വിസ്‌ട്രോൺ ഇൻഫോകോമിൻ്റെ ഇക്വിറ്റി ഷെയർ ക്യാപിറ്റൽ ടാറ്റ ഇലക്ട്രോണിക്‌സ് എസ്എംഎസ് ഇൻഫോകോം (സിംഗപ്പൂർ) പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും വിസ്‌ട്രോൺ ഹോങ്കോംഗ് ലിമിറ്റഡിൽ നിന്നുമാണ് ഏറ്റെടുക്കുക. അതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ അസംബ്ലി പ്ലാന്റുകളിലൊന്ന് നിർമ്മിക്കാൻ ടാറ്റ പദ്ധതിയിടുന്നുണ്ട്. തമിഴ്‌നാട്ടിലെ ഹൊസൂരിൽ ഫാക്ടറി നിർമ്മിക്കാൻ ആണ് ടാറ്റയുടെ പദ്ധതി. പ്ലാന്റിൽ ഏകദേശം 20 അസംബ്ലി ലൈനുകൾ ഉണ്ടായിരിക്കുമെന്നാണ് സൂചന. രണ്ട് വർഷത്തിനുള്ളിൽ 50,000 തൊഴിലാളികൾക്ക് തൊഴിലവസരം ലഭിക്കുന്നതായിരിക്കും പദ്ധതി. 12 മുതൽ 18 മാസത്തിനുള്ളിൽ ഫാക്ടറി പ്രവർത്തനക്ഷമമാക്കുകയാണ് ലക്ഷ്യം.
ടാറ്റയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തി വിതരണ ശൃംഖല മെച്ചപ്പെടുത്താനുള്ള ആപ്പിളിന്റെ ശ്രമങ്ങൾക്ക് പ്ലാന്റ് ശക്തി പകരും. ചൈനയിൽ നിന്ന് മാറി ഇന്ത്യ, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലുള്ള അസംബ്ലി, ഘടക നിർമ്മാണ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ശ്രമത്തിലാണ് ആപ്പിൾ . ആപ്പിൾ ഉൽപ്പന്നങ്ങളുടെ 100 റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്. അതിന്റെ ഭാഗമായി, ആപ്പിൾ രാജ്യത്ത് രണ്ട് സ്റ്റോറുകൾ തുറന്നിരുന്നു. മൂന്ന് സ്റ്റോറുകൾ കൂടി ഉടനെ പ്രവർത്തനം തുടങ്ങും.