മുംബൈ: ടാറ്റാ സണ്‍സ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രിയുടെ അപകടമരണത്തിന് ഇടയാക്കിയ കാര്‍ അമിത വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കാര്‍ സഞ്ചരിച്ച പാതയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിലാണ് ഇക്കാര്യം പൊലീസിന് ബോധ്യപ്പെട്ടത്. മിസിത്രിയുടെ അപകടമരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
അപകടം സംഭവിക്കുന്നതിന് മുന്‍പുള്ള ഇരുപത് കിലോമീറ്റര്‍ ദൂരം വെറും ഒന്‍പത് മിനിറ്റിനുള്ളിലാണ് കാര്‍ സഞ്ചരിച്ചു തീര്‍ത്തത്. അപകടമുണ്ടായപ്പോള്‍ കാറിന് പിന്നിലുണ്ടായിരുന്ന എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ലെന്നും പൊലീസ് കണ്ടെത്തി. അപകടത്തില്‍ മരിച്ച സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ടോളും കാറിന്റെ പിന്‍സീറ്റിലായിരുന്നു ഇരുന്നിരുന്നത്. ഇരുവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുജറാത്തിലെ ഉദ്വാഡയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സൈറസ് മിസ്ത്രിയും സംഘവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മുംബൈയിലെ ഗൈനോക്കളജിസ്റ്റായ അനഹിത പണ്ടോളയാണ് കാര്‍ ഓടിച്ചിരുന്നത്. ഇവര്‍ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്നത് ഭര്‍ത്താവായ ഡാരിയസ് പണ്ടോളയാണ്.അപകടത്തില്‍ പരിക്കേറ്റ ഇരുവരും ഇപ്പോള്‍ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലാണ്. സൈറസ് മിസ്ത്രിയുടേയും ജാഹംഗീര്‍ പണ്ടോളിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ സൂര്യനദിക്ക് കുറുകയുള്ള പാലത്തിന്‍്റെ അപ്രോച്ച് റോഡില്‍ വച്ചാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് ഇടതുവശത്തൂടെ മറികടക്കാനുള്ള ശ്രമത്തിനിടെ വാഹനത്തിന് നിയന്ത്രണം നഷ്ടമാവുകയും ഡിവൈഡറില്‍ ഇടിച്ച് മലക്കം മറിയുകയുമായിരുന്നു. ഈ സമയത്ത് കാറിനകത്ത് ഉണ്ടായിരുന്ന സൈറസ് മിസ്ത്രി പുറത്തേക്ക് തെറിച്ചു പോയി. ഈ വീഴ്ചയിലുണ്ടായ പരിക്കാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്.
ടാറ്റാ കുടുംബത്തിന് പുറത്ത് നിന്നും ടാറ്റാ സണ്‍സ് ചെയര്‍മാനായ രണ്ടാമത്തെ ആളായിരുന്നു സൈറസ് മിസ്ത്രി. എന്നാല്‍ 2016 ഒക്ടോബറില്‍ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും കമ്ബനി നീക്കി. രത്തന്‍ ടാറ്റാ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രിയെ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനായി പ്രഖ്യാപിച്ചത്. ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കാനുള്ള ടാറ്റാ ബോർഡിന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതി വരെ നടത്തിയ നിയമ പോരാട്ടത്തിലൂടെ സൈറസ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സൈറസിന്റെ പിതാവും വ്യവസായ പ്രമുഖനുമായ ഷാപ്പൂര്‍ജി പല്ലോന്‍ജി മിസ്ത്രി ഇക്കഴിഞ്ഞ ജൂണിലാണ് അന്തരിച്ചത് . സൈറസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധിപേര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
അപകടസ്ഥലത്ത് വച്ചു തന്നെ സൈറസ് മിസ്ത്രി മരണപ്പെട്ടിരുന്നുവെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ജഹാംഗീര്‍ പണ്ടോല അപകടസ്ഥലത്ത് നിന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണപ്പെട്ടത്. തലയ്ക്കേറ്റ പരിക്കാണ് സൈറസ് മിസ്ത്രിയുടെ മരണത്തിന് കാരണമായതെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ജഹാംഗീര്‍ ദിന്‍ഷയുടെ ഇടത്തേകാലിനും തലയ്ക്കും പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ അനഹിതയേയും ഡാരിയസിനേയും ഗുജറാത്തിലെ വാപ്പിയിലെ ആശുപത്രിയില്‍ ആണ് ആദ്യം പ്രവേശിപ്പിച്ചത്. സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതിനാലാണ് ഇരുവരുടേയും ജീവന് രക്ഷിക്കാനായത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.