കോട്ടയം: കോവിഡ് നിയന്ത്രണങ്ങൾ തീർത്ത രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം താഴത്തങ്ങാടി മത്സരവള്ളംകളിയുടെ ആവേശത്തിലേക്ക്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി ഒക്ടോബർ 29ന് നടക്കുന്ന 121-ാമത് കോട്ടയം മത്സരവള്ളംകളിയിലെ ചെറുവള്ളങ്ങളുടെ രജിസ്ട്രേഷൻ തുടങ്ങി. വെപ്പ് ഒന്നാം ഗ്രേഡ് വിഭാഗത്തിലുള്ള കോട്ടപ്പറമ്പൻ വള്ളത്തിന്റെ ഉടമയും ക്യാപ്റ്റനുമായ കെ.പി. ഫിലിപ്പോസിന് ആദ്യ രജിസ്ട്രേഷൻ നൽകിക്കൊണ്ടു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
വെപ്പ്, ഇരുട്ടുകുത്തി എ ഗ്രേഡ്, ബി ഗ്രേഡ്, ചുരുളൻ വിഭാഗങ്ങളിലായി കോട്ടപ്പറമ്പൻ(നിരണം ചുണ്ടൻ ഫാൻസ് അസോസിയേഷൻ) ജയ ഷോട്ട് മാലിയിൽ പുളിക്കത്തറ (ഫ്രണ്ട്സ് ബോട്ട് ക്ലബ്, ഒളശ), മൂന്ന് തൈക്കൻ (ഫ്രണ്ട്സ് ബോട്ട് ക്ലബ്, ഒളശ), തുരുത്തിത്തറ(ആർപ്പൂക്കര ബോട്ട് ക്ലബ്), സെന്റ് ആന്റണീസ് (കൈരളി ബോട്ട് ക്ലബ്, ചെങ്ങളം) ദാനിയൽ(സെൻട്രൽ ബോട്ട് ക്ലബ്, തിരുവാർപ്പ്), സെന്റ് ജോസഫ് (യുവദർശന ബോട്ട് ക്ലബ്, കുമ്മനം) ശരവണൻ(ഐ.ബി.ആർ.എ., കൊച്ചി), പുന്നത്ര പുരയ്ക്കൽ(യുവ ബോട്ട് ക്ലബ്, തിരുവാർപ്പ്), ചിറമേൽ തോട്ടുകടവൻ(അറുപുറ ബോട്ട്ക്ലബ്), പി.ജി. കരീപ്പുഴ(യുവശക്തി ബോട്ട് ക്ലബ്, കുമരകം)വേലങ്ങാടൻ(വരമ്പിനകം ബോട്ട് ക്ലബ്, കുമരകം)എന്നീ ചെറുവള്ളങ്ങൾ രജിസ്റ്റർ ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രജിസ്ട്രേഷൻ ഒക്ടോബർ 23ന് മൂന്നുമണിക്ക് അവസാനം.
സി.ബി.എല്ലിൽ ഒൻപതു ചുണ്ടൻവള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. പള്ളാത്തുരുത്തി ബോട്ട്ക്ലബിന്റെ കാട്ടിൽ തെക്കേതിൽ, എ.സി.ഡി.സി. കൈപ്പുഴമുട്ടിന്റെ നടുഭാഗം ചുണ്ടൻ, ആലപ്പുഴ പുന്നമട ബോട്ട്ക്ലബിന്റെ വീയപുരം ചുണ്ടൻ, പോലീസ് ബോട്ട്ക്ലബിന്റെ ചമ്പക്കുളം ചുണ്ടൻ, കൈനകരി യു.ബി.സിയുടെ കാരിച്ചാൽ ചുണ്ടൻ, കുമരകം വേമ്പനാടു ബോട്ട് ക്ലബിന്റെ പായിപ്പാടൻ ചുണ്ടൻ, കുമരകം ടൗൺ ബോട്ട് ക്ലബിന്റെ സെന്റ് പയസ് ടെൻത്, കുമരകം ബോട്ട് ക്ലബിന്റെ ആയാപറമ്പ് പാണ്ടി, എടത്വ വില്ലേജ് ബോട്ട് ക്ലബിന്റെ ദേവാസ് എന്നീ ചുണ്ടൻവള്ളങ്ങളാണ് 29ന് നടക്കുന്ന മത്സരത്തിൽ ട്രാക്കിലിറങ്ങുന്നത്.
കോട്ടയം വെസ്റ്റ് ക്ലബിൽ നടന്ന രജിസ്ട്രേഷൻ ഉദ്ഘാടന ചടങ്ങിൽ വെസ്റ്റ്ക്ലബ് പ്രസിഡന്റ് ലിയോ മാത്യൂ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുനിൽ ഏബ്രഹാം, രജിസ്ട്രേഷൻ കൺവീനർ കുമ്മനം അഷ്റഫ്, ചെറുവള്ളങ്ങളുടെ അസോസിയേഷൻ സെക്രട്ടറി വർഗീസ് വേലങ്ങാടൻ, എസ്. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ജില്ല ടൂറിസം വകുപ്പ്, കോട്ടയം വെസ്റ്റ് ക്ലബ്, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, കോട്ടയം നഗരസഭ എന്നിവർ സംയുക്തമായാണ് വള്ളംകളി മത്സരം സംഘടിപ്പിക്കുന്നത്.