തെലങ്കാന: നാഗർകുർണൂലിലെ ടണൽ അപകടത്തിൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ. രക്ഷാ പ്രവർത്തനത്തിനായി സൈന്യത്തിന്‍റെ എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സ് എത്തിയെങ്കിലും വൻ തോതിൽ താഴേക്ക് പതിച്ച കല്ലും ചെളിയും തടസമാവുകയാണ്. എട്ട് ജീവനുകൾ അപകടത്തിൽപെട്ട് 30 മണിക്കൂർ പിന്നിട്ടു. സാധ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയെങ്കിലും രക്ഷാപ്രവർത്തകർക്ക് കുടുങ്ങി കിടക്കുന്നവരുടെ അടുത്തേക്ക് എത്താൻ കഴിഞ്ഞിട്ടില്ല.
രണ്ട് എൻജിനീയർമാരും ആറ് തൊഴിലാളികളും ഉൾപ്പെടെ എട്ട് പേരാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം ഏറ്റെടുത്ത സൈന്യം അപകടമുണ്ടായ ഇടത്തിന് നാല് കിലോമീറ്റർ അടുത്ത് വരെയെത്തി. എന്നാൽ അരയാൾ പൊക്കത്തിൽ ചെളിയും കല്ലും നിറഞ്ഞു നിൽക്കുന്നത് ദൗത്യത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. ഇതോടൊപ്പം ടണലിനകത്തെ വെള്ളത്തിന്റെ അളവ് ഉയർന്നു നിൽക്കുന്നതും പ്രതിസന്ധിയാണ്. കൂടുതൽ ശേഷിയുള്ള മോട്ടോറുകളും, പൈപ്പുകളും ഉപയോഗിച്ച് വെള്ളവും ചെളിയും നീക്കം ചെയ്യാനാണ് ശ്രമം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
9.5 അടി വ്യാസമുള്ള ടണലാണിത്, അതിനാൽ ചെളി നീക്കിയാൽ ആളുകളെ അകത്തേക്ക് അയക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ബദൽ മാർഗ്ഗം എന്ന നിലയിൽ ടണലിന് പുറത്ത് കൂടി ഈ ഭാഗത്തേക്ക് കടക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം. ഇത്തരം സാഹചര്യങ്ങളിൽ പ്രവർത്തിച്ച പരിചയമുള്ള റാറ്റ് മൈനേഴ്സിൻ്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്. ടണലിന്റെ മുകൾഭാഗത്ത് ഉണ്ടായ വിള്ളലിലൂടെ വെള്ളം ഇറങ്ങിയാണ് മൂന്നു മീറ്റർ ഭാഗത്തെ മേൽഭാഗം തകർന്നുവീണത്.