വാഷിങ്ടണ്‍: ‘ദി റെസിസ്റ്റൻസ് ഫ്രണ്ടി(ടിആർഎഫ്)നെ ഭീകരസംഘടനയായി പ്രഖ്യാപിച്ച അമേരിക്കൻ നടപടിയില്‍ ‘യുടേണ്‍’ അടിച്ച് പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാർ.കഴിഞ്ഞയാഴ്ച അമേരിക്കൻ നടപടിയെ എതിർത്ത പാക് പ്രതിരോധമന്ത്രി, യുഎസ് സന്ദർശനത്തിനിടെയാണ് നിലപാടില്‍ മലക്കംമറിഞ്ഞത്. വാഷിങ്ടണില്‍ നടന്ന ചടങ്ങില്‍ ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യുഎസ് നടപടിയെ അദ്ദേഹം പിന്തുണയ്ക്കുകയുംചെയ്തു.
ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകരസംഘടനയാണ് ടിആർഎഫ്. ലഷ്കറെ തൊയിബയുമായി ബന്ധമുള്ള ടിആർഎഫിനെ ഒരാഴ്ച മുൻപാണ് വിദേശ തീവ്രവാദസംഘടനയായി യുഎസ് പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് ടിആർഎഫിനെ പിന്തുണച്ച് പാക് ഉപപ്രധാനമന്ത്രി രംഗത്തെത്തിയത്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയത് ടിആർഎഫ് അല്ലെന്നായിരുന്നു പാക് ഉപപ്രധാനമന്ത്രിയുടെ ന്യായീകരണം. എന്നാല്‍, ഒരാഴ്ചയ്ക്കുള്ളില്‍ യുഎസില്‍ സന്ദർശനത്തിനെത്തിയ പാക് ഉപപ്രധാനമന്ത്രി മുൻനിലപാടില്‍നിന്ന് ‘യുടേണ്‍’ അടിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
”ടിആർഎഫിനെ ഭീകരസംഘടനായി പ്രഖ്യാപിച്ചത് യുഎസിന്റെ പരമാധികാരപരമായ തീരുമാനമാണ്. ഞങ്ങള്‍ക്ക് അതില്‍ ഒരുപ്രശ്നവുമില്ല. അവരുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ ഞങ്ങള്‍ അതിനെ സ്വാഗതംചെയ്യുന്നു”, മുഹമ്മദ് ഇഷാഖ് ദാർ വാഷിങ്ടണില്‍ പറഞ്ഞു. അതേസമയം, ടിആർഎഫിനെ ലഷ്കറെ തൊയിബയുമായി ബന്ധപ്പെടുത്തുന്നതിന്റെ അദ്ദേഹം എതിർത്തു. ലഷ്കറെ തൊയിബ ഭീകരസംഘടനയെ വർഷങ്ങള്‍ക്ക് മുൻപേ പാകിസ്താൻ തകർത്തതാണെന്നും ഇതില്‍ ഉള്‍പ്പെട്ടവരെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.
2019-ലാണ് പാക് ഭീകരസംഘടനയായ ടിആർഎഫ് പ്രവർത്തനം ആരംഭിക്കുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ലഷ്കറിന്റെ ഉപവിഭാഗമായി പ്രവർത്തിച്ചിരുന്ന ടിആർഎഫിന്റെ പ്രഖ്യാപനമുണ്ടായത്. ഇതിനുശേഷം ജമ്മുകശ്മീരിലെ വിവിധയിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ടിആർഎഫ് ഏറ്റെടുത്തിരുന്നു. തുടർന്ന് 2023-ല്‍ ടിആർഎഫിനെ ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. അന്നുമുതല്‍ ടിആർഎഫിനെ ആഗോളഭീകരസംഘടനയായി പ്രഖ്യാപിക്കാൻ ഇന്ത്യ അന്താരാഷ്ട്രതലത്തില്‍ സമ്മർദം ആരംഭിച്ചിരുന്നു. ഇതിനുള്ള തെളിവുകളും ഇന്ത്യ യുഎന്നിന് കൈമാറിയിരുന്നു.