നെവാഡ: ലാസ് വേഗാസിലെ ട്രംപ് ഹോട്ടലിന് പുറത്ത് ടെസ്ലയുടെ സൈബർട്രെക്ക് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. പെട്രോൾ ബോംബുകളും പടക്കവും കുത്തിനിറച്ചെത്തിയ സൈബർ ട്രെക്ക് ബുധനാഴ്ച രാവിലെയാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ സൈബർ ട്രെക്കിന്റെ ഡ്രൈവർ കൊല്ലപ്പെട്ടു.
ഏഴിലധികം ആളുകൾക്ക് പരിക്കേറ്റതായാണ് അന്തർ ദേശീയ മാധ്യമ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപ് ഹോട്ടലിന്റെ കവാടത്തിന് മുൻപിലെ ഗ്ലാസ് ഡോറിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് പുക ഉയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയും ആയിരുന്നു. കൊളറാഡോയിൽ നിന്ന് വാടകയ്ക്ക് എടുത്ത സൈബർ ട്രെക്കാണ് പൊട്ടിത്തെറിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുവർഷ ആഘോഷത്തിനിടെ അമേരിക്കയിലെ ന്യൂ ഓർലീൻസിൽ 15 പേരുടെ ജീവനെടുത്ത അപകടവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് കണ്ടെത്താനടക്കമുള്ള അന്വേഷണം പുരോഗമിക്കുക ആണെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഞെട്ടിക്കുന്ന പൊട്ടിത്തെറിയുടെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
നിരവധി പെട്രോൾ ബോംബുകളും മാരകമായ പടക്കങ്ങളുമാണ് കാറിൽ നിന്ന് പൊട്ടിത്തെറിച്ചത്. ഏതാനും നിമിഷങ്ങൾ അനങ്ങാതെ നിൽക്കുന്ന ട്രെക്കിൽ നിന്ന് പെട്ടന്നാണ് പല ദിശയിലേക്ക് സ്ഫോടനമുണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകവഹിക്കുന്ന ട്രക്ക് ആൾക്കൂട്ടത്തിലേക്ക് ഇടിച്ച് കയറി മണിക്കൂറുകൾ പിന്നിടും മുൻപാണ് ഈ സ്ഫോടനം.
ട്രംപിനേയും ഇലോൺ മസ്കുമായും ബന്ധപ്പെടുത്തുന്ന എന്തെങ്കിലും സ്ഫോടനത്തിലുണ്ടോയെന്ന് പരിശോധിക്കുമെന്നും ലാസ് വേഗാസ് പൊലീസ് വിശദമാക്കി. കാർ വാടകയ്ക്ക് എടുത്ത ആൾ തന്നെയാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദമാക്കുന്നത്. പൊട്ടിത്തെറി ഉണ്ടാവുന്നതിന് 20 സെക്കന്റ് മുൻപാണ് സൈർ ട്രക്ക് ട്രംപ് ഇന്റർ നാഷണൽ ഹോട്ടലിന് മുന്നിലെത്തിയത്. കാറിലെ സീറ്റിനും അടിയിലുമായി നിരവധി സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്.