തൃശൂർ : ലോക്സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ മുറുകുന്നതിനിടെ അരങ്ങുകൊഴുപ്പിക്കാൻ ബി.ജെ.പി. തൃശ്ശൂരിലെ പ്രചാരണത്തിന്റെ തുടക്കമെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തന്നെ കളത്തിലിറക്കുകയാണ്. മോദിയുടെ വരവ് രാഷ്ട്രീയമായി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് ബി.ജെ.പി. വിലയിരുത്തല്‍. ജനുവരി രണ്ടിന് ബി.ജെ.പി.യുടെ സ്ത്രീശക്തിസംഗമത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി തൃശ്ശൂരിലെത്തുന്നത്. പരിപാടിയില്‍ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ സ്ത്രീകളെ പങ്കെടുപ്പിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. രാഷ്ട്രീയത്തിനതീതമായി പൊതുസമ്മതരായ സ്ത്രീകളെ അണിനിരത്തി വോട്ടുറപ്പിക്കുകയെന്ന തന്ത്രമാകും പയറ്റുക.
സംസ്ഥാനത്ത് ബി.ജെ.പി. നോട്ടമിടുന്ന പ്രധാന മണ്ഡലമാണ് തൃശ്ശൂര്‍. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ഒരു പൊതുപരിപാടിയില്‍ മാത്രമാണ് പങ്കെടുക്കുക. തേക്കിൻകാട് മൈതാനത്തെ സംഗമത്തില്‍ ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി അധ്യാപകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സംരംഭകര്‍, സാംസ്കാരികപ്രവര്‍ത്തകര്‍ എന്നിവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തും. രണ്ടുലക്ഷം സ്ത്രീകളെ അണിനിരത്തിയുള്ള മഹാസംഗമമാണ് ലക്ഷ്യമിടുന്നത്. വനിതാസംവരണ ബില്‍ പാസാക്കിയശേഷം ദേശീയതലത്തില്‍ത്തന്നെയുള്ള ആദ്യ വനിതാസമ്മേളനത്തില്‍ കേരളത്തിന്റെ അഭിനന്ദനം പ്രധാനമന്ത്രിയെ അറിയിക്കുകയാണ് അജൻഡയെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.