മാനസിക പീഡനവും, ശാരീരിക ഉപദ്രവവും സഹിക്ക വയ്യാതെ വീട്ടിൽ നിന്നിറങ്ങി; മലപ്പുറത്ത് 21കാരിയെ ഫോണിലൂടെ തലാഖ് ചൊല്ലി ഭർത്താവ്

നടുവട്ടം: മലപ്പുറം നടുവട്ടത്ത് യുവതിയെ ഭർത്താവ് ഉപദ്രവിക്കുന്നുവെന്നും ഫോണിലൂടെ തലാഖ് ചൊല്ലിയെന്നും പരാതി. മലപ്പുറം നടുവട്ടം സ്വദേശിയായ ഇരുപത്തിയൊന്നുകാരിയുടെ പരാതിയില്‍ കല്‍പകഞ്ചേരി പൊലീസ് ഭര്‍ത്താവിനെതിരെ കേസെടുത്തു. 

Advertisements

എടക്കുളം സ്വദേശി ഷാഹുല്‍ ഹമീദിനെതിരെയാണ് ഭാര്യ പൊലീസില്‍ പരാതി നകിയത്. മൂന്നു വര്‍ഷം മുമ്പാണ് യുവതിയും ഷാഹുല്‍ ഹമീദും തമ്മിലുള്ള വിവാഹം നടന്നത്. ഒരു വര്‍ഷം കഴിഞ്ഞതോടെ സ്വര്‍ണാഭരണം കുറവാണെന്നതടക്കം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് മാനസികവും ശാരീരികയുമായ ഉപദ്രവം തുടങ്ങിയെന്ന് യുവതി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടിയായതോടെ അപമാനിക്കലും തുടങ്ങി. വിദേശത്തു ജോലിയിലിരിക്കെ മൊബൈല്‍ഫോണിലും അപമാനവും അവഹേളനവും തുടര്‍ന്നു. നാട്ടിലെത്തിയ ശേഷം  മദ്യപിച്ചെത്തി ഉപദ്രവം തുടങ്ങി. മിണ്ടാതിരിക്കുമ്പോൾ എന്താണ് സംസാരിക്കാത്തത് എന്ന് പറഞ്ഞ് ഉപദ്രവിക്കുമെന്ന് യുവതി പറഞ്ഞു. കട്ടിലിൽ നിന്നും താഴേക്ക് വലിച്ചിടുകയും കഴുത്തിൽ പിടിച്ച് ചുമരിലേക്ക് അമർത്തുകയും ചെയ്യുമെന്ന് യുവതി പറയുന്നു. 

ശാരീരിക ഉപദ്രവം തുടര്‍ന്നപ്പോള്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും നിവര്‍ത്തിയില്ലാതെ സ്വന്തം വീട്ടിലേക്ക് വരേണ്ടി വന്നു. പിന്നാലെ ഫോൺവിളിച്ച് കുഞ്ഞ് തന്‍റേതല്ലെന്നും എനിക്ക് ഇനി നിന്നെ വേണ്ടെന്നും തലാക്ക് ചൊല്ലിയെന്ന് ഭര്‍ത്താവ് ഷാഹുല്‍ ഹമീദ് പറഞ്ഞെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ തന്നോട് ആലോചിക്കാതെ വീടുവിട്ടുപോയതിലെ അമര്‍ഷം കാരണം ഇനി വേണ്ടെന്ന് പറഞ്ഞതല്ലാതെ ഫോണിലൂടെ തലാക്ക് ചൊല്ലിയിട്ടില്ലെന്നാണ് ഷാഹുല്‍ ഹമീദിന്‍റെ വിശദീകരണം. 

യുവതിയുടെ പരാതിയില്‍ നിയമ വിരുദ്ധമായി തലാക്ക് ചൊല്ലിയതിനും ശാരീരികമായി ഉപദ്രവിച്ചതിനും 15 പവൻ സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കബളിപ്പിച്ച് കൈക്കലാക്കിയതിനും ഷാഹുല്‍ ഹമീദിനെതിരെ കല്‍പ്പകഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Hot Topics

Related Articles