തലയോലപ്പറമ്പിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
സമയം – രാവിലെ 11.28
വൈക്കം: തലയോലപ്പറമ്പ് പാലാങ്കടവ് പാലത്തിനു സമീപം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശിയായ അരവിന്ദ് (23)ആണ് മരിച്ചത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. കടുത്തുരുത്തിയിലെ സ്വകാര്യ കമ്പനിയിൽ അഭിമുഖത്തിനായി എത്തിയതായിരുന്നു യുവാവ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിനു സമീപം പാലാങ്കടവ് പാലത്തിനു ചുവട്ടിൽ കുളിക്കാനിറങ്ങിയ യുവാവാണ് മുങ്ങി മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ അഞ്ചംഗം സംഘം കടുത്തുരുത്തിയെ സ്വകാര്യ സ്ഥാപനത്തിൽ അഭിമുഖത്തിനായി എത്തിയതായിരുന്നു. ഫീൽഡ് വർക്ക് ജോലികളാണ് ഇവർക്ക് നിർദേശിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് ഇവർ സ്ഥലത്ത് എത്തിയത്.
തുടർന്നു രാവിലെ ഭക്ഷണം കഴിക്കുന്നതിനായി പാലാങ്കടവ് പാലത്തിനു സമീപം എത്തുകയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം സംഘം ആറിനു സമീപത്തേയ്ക്കു പോയി. സംഘത്തിൽ അരവിന്ദിനു മാത്രമാണ് നീന്തൽ അറിയാമായിരുന്നത്. അരവിന്ദ് നീന്താൻ ഇറങ്ങിയപ്പോൾ മറ്റുള്ളവർ കരയ്ക്കു നിൽക്കുകയായിരുന്നു. ഇതിനിടെ നീന്തുന്നതിനിടെ കൈകാലുകൾ കുഴഞ്ഞ അരവിന്ദ് വെള്ളത്തിൽ താന്നു. ഇതോടെ കരയിൽ നിന്ന സുഹൃത്തുക്കൾ ബഹളം വച്ചു. എന്നാൽ, അരവിന്ദ് ആറ്റിലേയ്ക്കു താഴ്ന്നു പോകുകയായിരുന്നു.
ഇതോടെ നാട്ടുകാർ വിവരം തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. എസ്.ഐ വിദ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി. തുടർന്നു നടത്തിയ തിരച്ചിലിൽ അഗ്നിരക്ഷാ സേനാംഗങ്ങളാണ് 11.15 ഓടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.