വൈക്കം : തലയോലപ്പറമ്പ് ബഷീർ സ്മാരക ലൈബ്രറിയിൽ വായനാപക്ഷാചരണ നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ടി.കെ. ഗോപി അദ്ധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ചിന്നഗ്രഹങ്ങൾ കണ്ടെത്തി ഗിന്നസ് ബുക്കിൽ ഇടം നേടിയ ശ്രേയസ് ഗിരീഷിനെ അനുമോദിച്ചു. ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലപ്രതിഭയാണ് ശ്രേയസ് .നാസ കണ്ടെത്തിയ ഒരു ഗ്രഹത്തിന് പേരു നൽകുവാനും ശ്രേയസിനു കഴിഞ്ഞു. ആരക്കുന്നം ടോക് എച്ച് എൻജിനിയറിംഗ് കോളേജ് ഐ.ടി. വിഭാഗം മേധാവി ഡോ.രശ്മി സുനിൽ അനുമോദന പ്രസംഗം നടത്തുകയും ശ്രേയസിന് ഉപഹാരം നൽകുകയും ചെയ്തു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ലൈബ്രറി സെക്രട്ടറി ഡോ. സി.എം കുസുമൻ, പാത്തുമ്മയുടെ മകളും ബഷീർ കഥയിലെ കഥാപാത്രവുമായ ഖദീജ, ബ്ലോക് പഞ്ചായത്തംഗം തങ്കമ്മ വർഗ്ഗീസ്, എ. പത്രോസ്, ലൈബ്രേറിയൻ പ്രിയ പ്രദീപ് എന്നിവർ സംസാരിച്ചു. അനുമോദനം ഏറ്റുവാങ്ങിയ ബാലശാസ്ത്ര പ്രതിഭ ശ്രേയസ് ഗിരീഷ് മറുപടി പ്രസംഗം നടത്തി.