കാബൂൾ: ഹൈസ്‌കൂൾ വിദ്യാർത്ഥിനികളെ തിരികെ സ്‌കൂളിലേക്ക് പോകാൻ അനുവദിക്കുമെന്ന് അഫ്ഗാനിസ്ഥാൻ ആക്ടിംഗ് ആഭ്യന്തര മന്ത്രിയും താലിബാന്റെ സഹ- ഉപ നേതാവുമായ സിറാജുദ്ദീൻ ഹക്കാനി. ‘താലിബാൻ ഭരണത്തിൽ വീടിന് പുറത്തിറങ്ങാൻ ഭയക്കുന്നവർ വീട്ടിൽ തന്നെ കഴിയണം. വികൃതികളായ സ്ത്രീകളെ ഞങ്ങൾ വീട്ടിലിരുത്തും. നിലവിലെ സർക്കാരിനെ ചോദ്യം ചെയ്യുന്നതിനായി മറ്റ് ശക്തികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകളെയാണ് വികൃതികൾ എന്നുദേശിച്ചത്. ആറാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥിനികൾക്ക് നിലവിൽ സ്‌കൂളിൽ പോകാൻ അനുമതിയുണ്ട്. അതിന് മുകളിലുള്ള ക്‌ളാസുകളിലെ വിദ്യാർത്ഥിനി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടപടി സ്വീകരിച്ചുവരികയാണ്. ‘നല്ല വാർത്ത’ ഉടൻ ഉണ്ടാകും. എന്നാൽ സർക്കാരിനെതിരെ പ്രതിഷേധിച്ചവർ വീട്ടിൽ തന്നെ കഴിയേണ്ടി വരും’- ഹക്കാനി വ്യക്തമാക്കി.
ഹിജാബ് ധരിക്കുന്നതിനായി ഞങ്ങൾ സ്ത്രീകളെ നിർബന്ധിക്കുന്നില്ല. ഹിജാബ് നിർബന്ധിതമല്ല. എന്നാൽ എല്ലാവരും പാലിക്കേണ്ട ഇസ്ലാമിക നിയമമാണ്. ഹിജാബ് ധരിക്കണമെന്ന് ഞങ്ങൾ ഉപദേശിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഹക്കാനി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹക്കാനിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും അമേരിക്കയുടെ അന്വേഷണ ഏജൻസിയായ എഫ് ബി ഐ വാണ്ടഡ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇയാളുടെ തലയ്ക്ക് പത്ത് ദശലക്ഷം ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് ശേഷം സ്ത്രീകൾക്കെതിരായ നിയമങ്ങൾ ഉദാരമാക്കുമെന്ന് താലിബാൻ അറിയിച്ചിരുന്നു. എന്നാൽ വിദ്യാർത്ഥിനികൾക്ക് സ്‌കൂളിൽ പോകാനുള്ള അനുമതി നിഷേധിക്കുകയാണ് തുടർന്ന് താലിബാൻ ചെയ്തത്. മാർച്ച് മുതൽ ആറാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥിനികൾക്ക് സ്‌കൂളിൽ പോകാൻ അനുമതി നൽകിയിരുന്നെങ്കിലും അഫ്ഗാനിസ്ഥാന്റെ ആചാരങ്ങൾക്കും സംസ്‌കാരത്തിനും ഷരിയയ്ക്കും അനുസൃതമായുള്ള യൂണിഫോം ഡിസൈൻ ചെയ്യുന്നതുവരെ വീട്ടിൽ തന്നെ തുടരണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.