ആലപ്പുഴ :തണ്ണീർമുക്കം ബണ്ട് അടച്ചുതുടങ്ങി. ഇന്നലെ തണ്ണീർമുക്കത്ത് നിന്ന് തുടങ്ങുന്ന ഒന്നാം ഘട്ടത്തിലെ 31 ഷട്ടറുകളും വെച്ചൂർ ഭാഗത്ത് നിന്ന് തുടങ്ങുന്ന രണ്ടാം ഘട്ടത്തിലെ 31 ഷട്ടറുകളും അടച്ചു. ഇതോടൊപ്പം 20, 30, 40 അടി ലോക്കുകളും അടച്ചു.
ഇന്ന് മധ്യഭാഗത്തുള്ള മൂന്നാം ഘട്ടത്തിലെ 28 ഷട്ടറുകളും 46 അടി ലോക്കും അടയ്ക്കാൻ സാധ്യതയുണ്ട്. വേമ്പനാട്ട് കായലിൽ വൃശ്ചിക വേലിയേറ്റം തുടങ്ങിയതോടെ ജലനിരപ്പ് ഉയർന്നതാണ് ബണ്ട് അടയ്ക്കാൻ കാരണം. എന്നാൽ ഉപ്പിന്റെ സാന്ദ്രത കായൽ ജലത്തിൽ എത്രത്തോളമെത്തി എന്നു പരിശോധിക്കാതെ ബണ്ട് അടച്ചതിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർച്ചയായി മഴ പെയ്തതോടെ കായലിൽ ഉപ്പിന്റെ അംശം തീരെയില്ലെന്നും ഓരുജലം കൂടുതലായി എത്തുന്ന സമയത്ത് ബണ്ട് അടയ്ക്കാൻ ജില്ലാഭരണാധികാരികൾ തീരുമാനമെടുക്കണമെന്നും കായലോര മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ജലനിരപ്പ് ഉയർന്നപ്പോൾ ഒന്നരയാഴ്ച മുൻപ് ബണ്ടിലെ 50 ഷട്ടറുകൾ താൽക്കാലികമായി അടച്ചെങ്കിലും 20 എണ്ണം വീണ്ടും ഉയർത്തിയിരുന്നു. ഉയർത്തിയ ഷട്ടറുകൾ ഉൾപ്പടെ 62 ഷട്ടറുകളാണ് ഇന്നലെ അടച്ചത്. ബണ്ടിൽ 3 ഘട്ടങ്ങളിലായി ആകെ 90 ഷട്ടറുകളും 4 ലോക്കുകളുമാണ് ഉള്ളത്.