താനൂര്‍: ബോട്ട് പുറപ്പെടുന്നതിന് മുന്‍പ് തന്നെ ചെരിഞ്ഞിരിക്കുന്ന നിലയിലായിരുന്നുവെന്ന് ടിക്കറ്റ് എടുത്തിട്ടും ബോട്ടില്‍ കയറാതിരുന്നയാളുടെ പ്രതികരണം. കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ടെന്നും നാനൂറ് രൂപ തന്നാല്‍ മതിയെന്നും പറഞ്ഞ് ബോട്ട് ജീവനക്കാര്‍ ആളുകളെ വിളിച്ച് കേറ്റുന്നതിന് സാക്ഷിയാണെന്നും ഷംസുദീന്‍ എന്നയാള്‍ പറയുന്നു.
9 പേരുടെ ടിക്കറ്റായിരുന്നു ഷംസുദീന്‍ എടുത്തിരുന്നത്. ടിക്കറ്റ് വില കൂടുതലാണ് എന്ന് പറഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ടെന്ന് ബോട്ട് ജീവനക്കാര്‍ പറയുന്നു. മുന്‍പത്തെ ട്രിപ്പ് അവസാനിപ്പിച്ച് ബോട്ട് വരുന്നത് കണ്ട് അപകടമാണെന്ന് തോന്നിയതോടെയാണ് ഷംസുദീനും ഒപ്പമുണ്ടായിരുന്നവരും ബോട്ടില്‍ കയറാതിരുന്നത്. യാത്ര റദ്ദാക്കിയ ടിക്കറ്റും ഷംസുദീന്‍ പങ്കുവച്ചു. ഇത്രയധികം ആളുകള‍്‍ മരിച്ചതില്‍ വലിയ വിഷമം ഉണ്ടെന്നും ഷംസുദീന്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുരുതരമായ അനാസ്ഥയാണ് ബോട്ട് ജീവനക്കാരില്‍ നിന്ന് ഉണ്ടായതെന്നും പ്രദേശവാസികള്‍ പറയുന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 22 പേർക്കാണ് ബോട്ടപകടത്തിൽ ജീവൻ നഷ്ടമായത്. മരിച്ചവരിൽ ഏഴ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്.
ആശുപത്രിയിലുള്ളവരില്‍ ഗുരുതരാവസ്ഥയിലുള്ളവരിലും കുട്ടികളുണ്ട്. ഞായറാഴ്ച ദിവസമായതിനാൽ കൂടുതൽ പേർ ബോട്ടിൽ ഉല്ലാസയാത്രക്കായി എത്തിയിരുന്നതാണ് അപകടത്തിന്‍റെ രൂക്ഷത വര്‍ധിപ്പിക്കുന്നത്.
അനുമതിയുള്ള സമയം കഴിഞ്ഞായിരുന്നു കയറ്റാന്‍ അനുമതിയുള്ളതിലും കൂടുതല്‍ ആളുകളെ കയറ്റി ബോട്ട് യാത്ര പുറപ്പെട്ടത്. ടിക്കറ്റ് എടുക്കാതെ തന്നെ ആളുകളെ കയറ്റിയിരുന്നതിനാല്‍ എത്ര പേര്‍ അപകടത്തില്‍പ്പെട്ടുവെന്നത് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.