വൈക്കം: വൈക്കം നഗരസഭ 23-ാം വാർഡിൽ തോട്ടുവക്കം – മൂത്തേടത്തുകാവ് റോഡിൽ ഇണ്ടംതുരുത്തി ക്ഷേത്രത്തിൻ്റെ അലങ്കാര ഗോപുരത്തിനു തെക്കുഭാഗത്ത് റോഡിൻ്റെ കിഴക്ക് ഭാഗത്ത് ആറു സെൻ്റ് സ്ഥലത്തോളം സ്വകാര്യ വ്യക്തികൾ കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതായി പരാതി. കയ്യേറിയ സ്ഥലത്ത് പൂഴിവിരിച്ച് ടൈൽ പാകി പൈപ്പ് നാട്ടി കൈവശപ്പെടുത്തി. പൊതുനിരത്തിനോടു ചേർന്ന സ്ഥലം സ്വകാര്യ വ്യക്തികൾ അനധികൃത നിർമ്മാണം നടത്തി സ്വന്തമാക്കിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും നഗരസഭ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് സ്റ്റേറ്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ സർവീസ് സൊസൈറ്റി സ്റ്റേറ്റ് കൺവീനർ ടി.ആർ. പ്രകാശൻ ആരോപിച്ചു.
ടി.ആർ. പ്രകാശൻഇതു സംബന്ധിച്ച് നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷിന് പരാതി നൽകി. ടൈൽ പാകി കെട്ടിയടച്ചതിനോടു ചേർന്നുള്ള ഭാഗത്ത് പുഴിയിറക്കിയിട്ടിരിക്കുകയാണ്. മുമ്പ് ഇവിടെ വഴിയോര കച്ചവട സ്ഥാപനമുണ്ടായിരുന്നെന്നും മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്നെന്നും ആരോപിച്ചാണ് സ്വകാര്യ വ്യക്തികൾ ഈ സ്ഥലത്ത് അനധികൃത നിർമ്മാണം നടത്തി കൈവശപ്പെടുത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.