മോഷണം നടത്തുന്നതിനായി രാത്രി പാർക്കു ചെയ്തിരുന്ന കാറിന്റെ ഗ്ളാസ് തകർത്തു : കൃത്യ സമയത്ത് സ്ഥലത്തെത്തിയ ഈരാറ്റുപേട്ട പോലീസ് കള്ളനെ പിടിച്ചു : പിടിയിലായത് ഈരാറ്റുപേട്ട നടക്കൽ സ്വദേശി

കോട്ടയം : റോഡരികിൽ പാർക്ക് ചെയ്ത കാറിൽ നിന്ന് മോഷണം നടത്താൻ കാറിന്റെ ഗ്ളാസ് തകർത്ത പ്രതിയെ കൃത്യ സമയത്ത് സ്ഥലത്തെത്തിയ ഈരാറ്റുപേട്ട പോലീസ് പിടികൂടി. ഈരാറ്റുപേട്ട നടക്കൽ കാരക്കാട് ഭാഗത്ത് അമ്പഴത്തിനാൽ വീട്ടിൽ ബാദുഷ (37) ആണ് പോലീസ് പിടിയിൽ ആയത്. ഈരാറ്റുപേട്ട മുട്ടം ജംഗ്ഷന് സമീപം ഉള്ള ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി വക വഴിയിടത്തിനു സമീപം പാർക്ക് ചെയ്തിരുന്ന ഈരാറ്റുപേട്ട മാതാക്കൽ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ യാസർ ഖാന്റെ കെ എൽ -05- ടി -2228 നമ്പർ കാറിന്റെ പിന്നിലെ കോർണർ ഗ്ലാസ് തകർത്താണ് മോഷണ ശ്രമം. കഴിഞ്ഞ 14 ന് പുലർച്ചെ 02.50 മണിക്ക് മോഷണശ്രമം ശ്രദ്ധയിൽ പെട്ട യാസർ ഖാൻ വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻതന്നെ സ്ഥലത്ത് എത്തിയ പോലീസ് സംഘം പ്രതിയെ പിടികൂടി. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

Advertisements

Hot Topics

Related Articles