കോട്ടയം: കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്കൂൾ ബ്ലോക്കിലും, ഹയർസെക്കൻഡറി ബ്ലോക്കിലും വൻ മോഷണം. ക്യാമറകൾ, കുട്ടികളുടെ ചാരിറ്റി ബോക്സുകൾ, നിരീക്ഷണ ക്യാമറ യൂണിറ്റുകളടക്കമാണ് മോഷ്ടാക്കൾ കവർന്നത്. ഇന്ന് രാവിലെ സ്കൂൾ തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.
പ്രിൻസിപ്പളിന്റെയും ഹെഡ്മിസ്ട്രസിന്റെയും ഓഫീസുകൾ, ഹയർ സെക്കൻഡറി ഹൈസ്കൂൾ അധ്യാപകരുടെ സ്റ്റാഫ് റൂമുകൾ എന്നിവിടങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്.
പ്രിൻസിപ്പലിന്റെയും, ഹെഡ്മിസ്ട്രസിന്റെയും അലമാരയിൽ സൂക്ഷിച്ചിരുന്ന ഡിഎസ്എൽആർ ക്യാമറകളും, അധ്യാപകരുടെ അലമാരയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥിനികൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് നിക്ഷേപിക്കുന്ന 26 ഡിവിഷനുകളിലേയും ചാരിറ്റി ബോക്സും നഷ്ടപ്പെട്ടു. കൂടാതെ സ്കൂളിന്റെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളുടെ ഡിവിആർ യൂണിറ്റും ഇതോടൊപ്പം മോഷണം പോയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് സ്കൂൾ അധികൃതർ അറിയിച്ച പ്രകാരം കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. കോട്ടയം ഡോഗ് സ്ക്വാഡ് കെ 9 സ്ക്വാഡിലെ നായ ഗണ്ണറാണ് പരിശോധന നടത്തിയത്. ഹാൻഡ്ലർ മാരായ സുബീഷ് , ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.