മല്ലപ്പള്ളി : തെള്ളിയൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തിലെ വലിയപടയണി ഇന്ന്. പുലര്‍ച്ചെ കേളികൊട്ടോടെ തുടങ്ങുന്ന ചടങ്ങില്‍ രാത്രി ഒന്‍പതിന് ഭഗവതി ക്ഷേത്രത്തില്‍നിന്ന് തെള്ളിയൂര്ക്കാവിലമ്മയും കാലയക്ഷിയമ്മയും സര്വാലങ്കാരവിഭൂഷിതരായി പാട്ടമ്പലത്തിലേക്ക് എഴുന്നള്ളും. ചെറുകോലങ്ങളും കെട്ടുകാഴ്ചകളും താലപ്പൊലിയും അകമ്പടിയേകും. വാദ്യമേളങ്ങളും വഞ്ചിപ്പാട്ടും വായ്ക്കുരവകളുമായി നീങ്ങുന്ന ഘോഷയാത്ര കളത്തിലെത്തിയിട്ടാണ് ഭദ്രകാളിക്കളം മായ്ക്കുക.
തപ്പുമേളം തിമിര്‍ക്കുമ്പോള്‍ 51 പാളയുടെ ഭൈരവിക്കോലം കാപ്പൊലിച്ചെത്തും.അന്തരയക്ഷി,മറുത,പക്ഷി,കൂട്ടമറുത,കാലയക്ഷി എന്നിവയ്ക്ക് പുറമേ മൃത്യുഞ്ജയഹോമത്തിന് പകരം നില്ക്കുന്ന കാലന് കോലം കൂടിയാകുന്നതോടെ ഭക്തര്‍ക്ക് ദര്ശനപുണ്യമാകും. പിഴകളെല്ലാം പൊറുത്ത് അനുഗ്രഹിക്ക ഭഗവതിയെ എന്ന വായ്ത്താരിയുമായി മംഗളഭൈരവി കളമൊഴിയുമ്പോള്‍ നേരം പുലരും. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവിമാരെ തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. അതോടെ ഒരു പടയണിക്കാലംകൂടി പൂര്‍ണമാവുകയായി. വെള്ളിയാഴ്ച രാവിന് ദേവീചൈതന്യമേകി 101 പാളയില്‍ തീര്‍ത്ത ഭൈരവികോലം കളത്തിലെത്തിയിരുന്നു. മറുത, അന്തരയക്ഷി, പക്ഷി, കാലയക്ഷി, കാലന് കോലങ്ങളും ഊഴമിട്ടുവന്ന് അനുഗ്രഹം ചൊരിഞ്ഞു.