മല്ലപ്പള്ളി : മധ്യതിരുവിതാംകൂറിലെ പടയണിക്കാലത്തിന് തുടക്കം കുറിച്ച് തെള്ളിയൂര്‍ക്കാവിലമ്മയുടെ പാട്ടമ്പലമുറ്റത്ത് ചൂട്ട് വച്ച് തട്ടകമുണര്‍ന്നു. വ്യാഴാഴ്ച രാത്രി ഒന്‍പതിനാണ് ചടങ്ങുകള്‍ തുടങ്ങിയത്.തീയില്‍ കാച്ചിയെടുത്ത തപ്പില്‍ എണ്ണവും താളവും തികഞ്ഞ കൊട്ടുകളിലൂടെ ഭഗവതിയെ സ്തുതിച്ച് ദീപകൊട്ടു നടത്തിയായിരുന്നു കളമുണര്‍ത്തല്‍. തുടര്‍ന്ന് ചൂട്ടുവയ്പ് നടന്നു.പരമ്പരാഗത അവകാശിയായ കീരിക്കാട്ട് കുടുംബത്തിലെ അമ്പലത്തുംമുറിയില്‍ അശോക് ആര്‍.കുറുപ്പാണ് കര്‍മം നിര്‍വഹിച്ചത്.ഭദ്രകാളിക്കളത്തില്‍നിന്ന് തൂക്കുവിളക്കില്‍ പകര്‍ന്ന ദീപം കെട്ടിയൊതുക്കിയ കറ്റയില്‍ ഏറ്റുവാങ്ങുകയായിരുന്നു.
പതിക്കൂറ് ജനങ്ങളും കരക്കാരും വന്നിട്ടുണ്ടോയെന്ന് മൂന്നുരു വായ്ത്താരിയോടെയാണ് ചൂട്ടുവച്ചത്. പുലവൃത്തത്തിന് ശേഷം ഗണപതിയും പിശാചും ഒന്നിച്ച് കാപ്പൊലിച്ച് കളത്തിലെത്തി. കോലങ്ങള്‍ തുള്ളിയൊഴിഞ്ഞതോടെ ആദ്യദിവസത്തെ ചടങ്ങ് പൂര്‍ണമായി. ഇനി ആറുനാള്‍ ഉത്സവം നീണ്ടുനില്‍ക്കും.