പനച്ചിക്കാട് :മണ്ഡരിയെയും ചെല്ലിയെയും പടിക്കു പുറത്താക്കുവാൻ കേരകർഷകർക്കു വേണ്ടി 5 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കി പനച്ചിക്കാട് പഞ്ചായത്ത് . പഞ്ചായത്തിലെ 3500 ലധികം തെങ്ങിന്റെ മണ്ട വൃത്തിയാക്കി കീടനാശിനി തളിക്കുന്ന പദ്ധതിയാണ് ആരംഭിച്ചത് . ഗ്രാമസഭകളിൽ അപേക്ഷ നൽകിയ കേരകർഷകരാണ് ഗുണഭോക്താക്കൾ . ഒരു കർഷകന് 20 തെങ്ങുകൾക്ക് വരെ സൗജന്യമായി ഈ പദ്ധതി പ്രയോജനപ്പെടുത്താം. കൊമ്പൻചെല്ലിയ്ക്കെതിരായി ഗ്രാന്യൂൾ രൂപത്തിലുള്ള ഫെർട്രാ എന്ന രാസവസ്തു എം സാന്റിൽ ചേർത്തും ചെമ്പൻ ചെല്ലിയുടെ ആക്രമണത്തിനെതിരെ ദ്രാവക രൂപത്തിലുള്ള ട്രൈസെൽ എന്ന കീടനാശിനിയുമാണ് തെങ്ങിൽ പ്രയോഗിക്കുന്നത് . മണ്ഡരി , കൂമ്പുചീയൽ തുടങ്ങിയ കീടരോഗങ്ങളെ നിയന്ത്രിക്കുന്നതിന് കോൺടാഷ് എന്ന കീടനാശിനിയും ഉപയോഗിക്കുന്നു . പനച്ചിക്കാട് കൃഷി ഭവന്റെ മേൽനോട്ടത്തിൽ കാർഷിക സേവന കേന്ദ്രം മുഖേന പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേര മിത്ര എന്ന ഏജൻസിയാണ് പനച്ചിക്കാട് പഞ്ചായത്തിന്റെ ഈ പദ്ധതി ഏറ്റെടുത്തിരിക്കുന്നത് . പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ നിർവ്വഹിച്ചു. സ്ഥിരം സമിതി ചെയർ പേഴ്സൺമാരായ പ്രിയാ മധു , ജീനാ ജേക്കബ്, കൃഷി ഓഫീസർ ശിൽപാ ബാലചന്ദ്രൻ , പഞ്ചായത്ത് സെക്രട്ടറി വി ആർ ബിന്ദു മോൻ ,കാർഷിക സേവന കേന്ദ്രം ഫെസിലിറ്റേറ്റർ ശിവൻ സി ചാലിത്തറ കൃഷി ഭവൻ ഉദ്യോഗസ്ഥരായ എസ് തമ്പി , എം ഹഫീസ് , കേര മിത്ര കമ്പനി ഡയറക്ടർ സുമിത എന്നിവർ പങ്കെടുത്തു . കേരകർഷകർക്കു വേണ്ടി പഞ്ചായത്ത് ഈ വർഷം നടപ്പിലാക്കിയ വ്യത്യസ്തമായ ഒരു പദ്ധതിയാണിതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു പറഞ്ഞു .