ഏറ്റുമാനൂർ :ക്ഷേത്ര ചരിത്രത്തിൽ തെളിയുമ്പോൾ കുറവിലങ്ങാട് ഏറ്റുമാനൂരപ്പൻ്റെ മൂലസ്ഥാനമാണ് കാട്ടാമ്പാക്ക് തേവർത്തുമല. ഏറ്റുമാനൂർ ക്ഷേത്രത്തോളം പ്രാധാന്യമുണ്ട് തേവർ മലയ്ക്ക്. ചരിത്രവും ഐതീഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന തേവർത്തുമലയുടെ കാറ്റിൽ പോലും പഞ്ചാക്ഷരീ മന്ത്രം തുളുമ്പി നിൽക്കുന്നു.
പവിത്രമായ ഈ മലയുടെ മുകളിൽ എത്തിയാൽ ഓരോ ഭക്തനും അനുഭവിക്കുന്നത് പ്രശാന്തിയുടെ സ്വന്തന കരങ്ങളിലാണ്.വാമൊഴിയായി തലമുറകളിലൂടെ പകർന്നുതന്ന അറിവിൻപ്രകാരം തേവർത്തുമലയിൽ ഏറ്റുമാനൂരപ്പൻ സ്വയംഭുവായി പ്രത്യക്ഷപ്പെട്ടുവെന്നും ഇപ്പോൾ ഏറ്റുമാനൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗം തേവർത്തുമലയിൽ ഉത്ഭവിച്ചതാണെന്നുമാണ് ഐതീഹ്യം. കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയുടെ അഞ്ചാംഭാഗത്ത് പ്രസ്തുത ചരിത്രം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തേവർത്തുമലയിൽ ഒരിക്കൽ ഒരു ആദിവാസി സ്ത്രീ (മണ്ണാത്തി) കിഴങ്ങുകൾ മാന്തി നടക്കവെ വിശിഷ്ടമായ ഒരു വള്ളി കണ്ട് അവിടെ കുഴിച്ച് നോക്കിയപ്പോൾ മണ്ണിനടിയിലേയ്ക്ക് ധാരാളം നീളത്തിൽ കിഴങ്ങുള്ളതായി കണ്ടു. പാരകൊണ്ട് കിഴങ്ങുകൾ കുറേശ്ശെയായി ചിനക്കിയെടുത്ത് വട്ടിയിലിട്ടു. ഇതിനിടെ യാദൃശ്ചികമായി കല്ലിന്റെ മുകളിൽ ഒരു കുത്ത് കൊള്ളുകയും അവിടെ ക്ഷതമേൽക്കുകയും ചെയ്തു.
അ ഭാഗത്തുനിന്ന് രക്തം ഒഴുകുകയും ശിവഭഗവാൻ കോപിഷ്ഠനായി പ്രത്യക്ഷപ്പെട്ട് മണ്ണാത്തി ശിലയായി തീരട്ടെയെന്ന് ശപിക്കുകയും ചെയ്തു. അങ്ങനെയുണ്ടായ ശില ഇന്നും മണ്ണാത്തിക്കല്ലെന്ന പേരിൽ അറിയപ്പെടുന്നു. പിന്നീട് ഈ ചൈതന്യത്തെ മഠത്തിൽ കുടുംബം വക ദേവീക്ഷേത്രത്തിൽ കുടിയിരുത്തി ആരാധനകൾ തുടർന്നു വന്നു.
വില്വമംഗലത്ത് സ്വാമിയാർ ഈ ചൈതന്യത്തെ ശുദ്ധിചെയ്ത് പ്രതിഷ്ഠായോഗമാക്കി ഏറ്റുമാനൂർക്ക് കൊണ്ടുവന്നു എന്നാണ് ഐതിഹ്യംകാട്ടാമ്പാക്ക് എന്ന സ്ഥലത്തെ പ്രസ്തുത സങ്കേതം ദേവചൈതന്യത്തിന്റെ മൂല ഉറവിടമാണെന്നും ദേവന്റെ മൂലസ്ഥാന സങ്കേതമാകയാൽ പ്രാധാന്യമുള്ളതാണെന്നും ആയത് അർഹമായ പരിശുദ്ധിയോടെ സംരക്ഷിക്ക പെടേണ്ടതാണെന്നും 2002-ൽ ഏറ്റുമാനൂർ ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗലദേവപ്രശ്നത്തിൽ തെളിഞ്ഞിട്ടുള്ള കാര്യങ്ങളാണ്.
ഏറ്റുമാനൂരിലെ വേലകളിക്ക് അധികാരികളായ മഠത്തിൽ കുടുംബത്തിൽ നിന്നും ദിവസേന ഉരിയരി നിവേദ്യവും വർഷത്തിൽ ചതുശ്ശത നിവേദ്യവും നടത്തിവരുന്നു.