തൃശൂർ : തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള പൂരവിളംബരത്തിന് ഇത്തവണയും എറണാകുളം ശിവകുമാർ തെക്കേഗോപുരനട തുറക്കും. കൊച്ചി ദേവസ്വം ബോർഡ്, ഘടകപൂരങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്ബേറ്റിയാണ് ശിവകുമാർ തെക്കേ ഗോപുരവാതിൽ തുറക്കുക. ഈ ചടങ്ങോടെയാണ് തൃശൂർ പൂര ചടങ്ങുകൾക്ക് തുടക്കമാകുന്നത്.
പൂരവിളംബരം നടത്താൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ മടക്കികൊണ്ടു വരണമെന്ന് അഭിപ്രായമുയർന്നിരുന്നു. അത് പരിഗണിക്കാതെയാണ് സ്വന്തം ആനയായ ശിവകുമാറിനെ രംഗത്തിറക്കാൻ തീരുമാനിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഏറ്റവും തലയെടുപ്പുള്ള ആനയാണ് ശിവകുമാർ. ഘടകപൂരങ്ങൾക്കുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി .