തിരുവല്ല : തിരുവല്ലയിലെ ചുമത്രയില്‍ സി.പി.എം പ്രാദേശിക നേതാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ലഹരി മാഫിയ സംഘത്തിലെ രണ്ട് പേർ തിരുവല്ല പോലീസിന്റെ പിടിയിലായി. തിരുവല്ല ടൗണ്‍ നോർത്ത് കോട്ടാലില്‍ ബ്രാഞ്ചംഗം സി.സി സജിമോനെ ആക്രമിച്ച സംഭവത്തില്‍ ചുമത്ര കൂടത്തിങ്കല്‍ വീട്ടില്‍ ടിബിൻ വർഗീസ് ( 32 ) , ചുമത്ര കൊച്ചുപറമ്ബില്‍ വീട്ടില്‍ ഷെമീർ ( 32 ) എന്നിവരാണ് പിടിയിലായത്. ചുമത്ര കോട്ടാലി എസ്‌എൻഡിപി മന്ദിരത്തിന് സമീപം വെച്ച് വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കേസില്‍ അറസ്റ്റിലായ ടിബിൻ വർഗീസും പ്രദേശവാസിയായ പ്രവീണും തമ്മില്‍ വ്യാഴാഴ്ച വൈകിട്ട് മൊബൈല്‍ ഫോണിലൂടെ തർക്കം ഉണ്ടായി. ഇതിനിടെ പ്രവീണ്‍ സജി മോനെ കൂടി കോണ്‍ഫറൻസ് കോളില്‍ ഉള്‍പ്പെടുത്തി. തുടർന്ന് മൂവരും തമ്മില്‍ ഫോണിലൂടെ വാക്കേറ്റത്തില്‍ ഏർപ്പെട്ടു. നിങ്ങള്‍ എവിടെയാണ് നില്‍ക്കുന്നത് എന്നും ഞങ്ങള്‍ അങ്ങോട്ട് വരികയാണെന്നും ടിബിൻ ഫോണിലൂടെ വെല്ലുവിളിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ ടിബിനും, ഷമീറും അടങ്ങുന്ന നാലംഗ സംഘം വഴിയരികില്‍ നില്‍ക്കുകയായിരുന്ന സജിമോനെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അക്രമത്തില്‍ ഗുരുതര പരിക്കേറ്റ സജിമോൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.