കുറ്റിക്കോല്‍: അടയ്ക്ക മോഷ്ടിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ ഓടിയ മോഷ്ടാവ് കിണറ്റില്‍ വീണു. പിന്നീട് ഇയാളെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. കുറ്റിക്കോല്‍ ചുണ്ടയിലാണ് സംഭവം. ചുണ്ടയിലെ സഹോദരിമാരായ സി. കാര്‍ത്യായനി, സി. ലീല എന്നിവരുടെ വീട്ടില്‍ കുറ്റിക്കോല്‍ വാണിയംപാറയിലെ രാമകൃഷ്ണനാണ് ശനിയാഴ്ച രാത്രി മോഷണം നടത്തിയത്.
വീടിന് പുറത്ത് ഉണക്കാനിട്ടിരുന്ന അടയ്ക്ക ചാക്കില്‍ നിറക്കുന്നതിനിടെ ശബ്ദം കേട്ടാണ് വീട്ടുകാര്‍ പുറത്തെ ലൈറ്റിട്ടത്. ലൈറ്റ് കണ്ടതോടെ ചാക്ക് കെട്ട് ഉപേക്ഷിച്ച് മോഷ്ടാവ് ഓടി. സഹോദരിമാര്‍ അടുത്ത വീട്ടില്‍ ചെന്ന് വീട്ടുടമ എ.അരവിന്ദനോട് കാര്യം പറഞ്ഞു. ഇതിനിടെ സ്ഥലത്ത് നിന്ന് ഓടിയ രാമകൃഷ്ണന്‍ ചുണ്ടയിലെ കുഞ്ഞിരാമന്‍ നായരുടെ തോട്ടത്തിലുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരവിന്ദന്‍ മറ്റു നാട്ടുകാരെയും കൂട്ടി സഹോദരിമാരുടെ വീട്ടിലേക്ക് പോകുന്നതിനിടെ തോട്ടത്തില്‍ നിന്ന് എന്തോ വെള്ളത്തില്‍ വീണ ശബ്ദം കേട്ട് സംശയം തോന്നി അങ്ങോട്ട് പോയി. കിണറ്റില്‍ നോക്കിയപ്പോള്‍ കിണറിന്റെ പടവില്‍ പിടിച്ചു നില്‍ക്കുന്ന രാമകൃഷ്ണനെയാണ് കണ്ടത്. ഉടന്‍ അഗ്‌നിരക്ഷാ സേനയെയും പോലീസിനെയും വിവരമറിയിച്ചു.
അഗ്‌നിരക്ഷാസേനയെത്തി രാമകൃഷ്ണനെ കരയ്ക്കു കയറ്റി. പുറത്തെടുക്കുമ്പോഴേക്കും ബോധരഹിതനായ അവസ്ഥയിലായിരുന്നു. തുടര്‍ന്ന് അംബുലന്‍സില്‍ ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെത്തിച്ചു. മറ്റ് പരിക്കുകളൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ രാമകൃഷ്ണനെ വിട്ടു. പരാതിയില്ലെന്ന കാരണത്തില്‍ പൊലീസ് കേസെടുത്തില്ല. മോഷണ സ്ഥലത്ത് നിന്ന് അടയ്ക്ക നിറച്ച ചാക്ക് കെട്ടും ഒരു മദ്യക്കുപ്പയും കണ്ടെത്തിയതായി നാട്ടുകാര്‍ പറഞ്ഞു.