തിരുവനന്തപുരം: മലയാള സിനിമയുടെ അഭിനയത്തിലെ പെരുന്തച്ചന്‍ തിലകന്‍ വിടവാങ്ങിയിട്ട് 12 വര്‍ഷങ്ങള്‍ പിന്നിടുന്നു. തിലകന്‍ നടത്തിയ പോരാട്ടങ്ങള്‍ക്കും വെട്ടിത്തുറന്ന് പറഞ്ഞ അഭിപ്രായങ്ങളും കാലം ശരിവയ്ക്കുന്ന സമയത്താണ് അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ വീണ്ടും കടന്നുപോകുന്നത്. തന്‍റേടവും നിലപാടും ആയിരുന്നു എന്നും തിലകന്‍റെ മുഖമുദ്ര. ആരുടെ മുന്നിലും തല കുനിയ്ക്കാത്ത, പറയാന്‍ ഉള്ളത് പറഞ്ഞത് കൊണ്ടുള്ള നഷ്ടങ്ങളെ വകവയ്ക്കാത്ത സ്നേഹം നിറഞ്ഞ സിംഹം എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.
വെള്ളിത്തിരയ്ക്ക് അകത്തും പുറത്തും സുരേന്ദ്ര നാഥ തിലകൻ എന്നും ഇത്തരത്തില്‍ തന്നെ അവസാനം വരെ ജീവിച്ചു. നാടക വേദി രൂപപ്പെടുത്തിയ നടനമാണ് തിലകനെ സിനിമയില്‍ എത്തിക്കുന്നത്. പി.ജെ. ആന്റണി സംവിധാനം ചെയ്‌ത ‘പെരിയാർ’ എന്ന ചിത്രത്തിലൂടെയാണ് 1973ല്‍ സിനിമാ അരങ്ങേറ്റം. ശബ്ദം കൊണ്ടും ശരീരഭാഷ കൊണ്ടും കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ടും തിലകന്‍ എന്നും പ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിച്ചുകൊണ്ടെയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെരുന്തച്ചനും മൂന്നാം പക്കത്തിലെ മുത്തച്ഛനും സേതുമാധവന്‍റെ അച്ഛനും സ്ഫടിക്കത്തിലെ ചാക്കോ മാഷും മലയാളിയുടെ ഉള്ളിലിരുന്ന് ഇന്നും വിങ്ങുന്നുണ്ട്. എന്നാല്‍ അതിനപ്പുറം വില്ലന്‍ വേഷത്തിലും മറ്റും തിളങ്ങിയിട്ടുണ്ട് തിലകന്‍. നമ്മുക്ക് പാര്‍ക്കന്‍ മുന്തിരിതോപ്പുകള്‍ പോലുള്ള ചിത്രങ്ങള്‍ തന്നെ ഉദാഹരണം. അവസാന കാലത്ത് അഭിനയിച്ച ഇന്ത്യന്‍ റൂപ്പി, ഉസ്താദ് ഹോട്ടല്‍ ചിത്രങ്ങളിലെ വേഷങ്ങളും ഒരിക്കലും വറ്റാത്ത തിലകന്‍ എന്ന പ്രതിഭയെ അടയാളപ്പെടുത്തി. വരുന്ന കാലത്തിന്റെ ചൂണ്ടുപലക കൂടിയായിരുന്നു തിലകന്റെ ഓരോ വിരല്‍ച്ചൂണ്ടലുമെന്ന് മലയാളി ഇന്ന് തിരിച്ചറിയുന്നു.
മലയാള സിനിമ ലോകം ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കാലത്ത് പവര്‍ ഗ്രൂപ്പ് അടക്കം പല വിവാദമായ കാര്യങ്ങളും തിലകന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുറന്നു പറഞ്ഞ കാര്യങ്ങളായിരുന്നു. അപ്പോഴും തിലകന് മാത്രം അനശ്വരമാക്കാന്‍ കഴിയുന്ന വേഷങ്ങള്‍ ഇപ്പോഴും അതുപോലൊരു ഉടലില്ലാതെ ബാക്കിയാകുന്നു.