തിരുവല്ല : പുല്ലാട് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവല്ല നഗരത്തിൽ നിന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ജയകുമാർ (അജി) നെ പിടികൂടിയത്. ഇയാൾ ഭാര്യ ശ്യാമയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. പുല്ലാട് ആലുംന്തറ അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോൾ (35) ആണ് കൊല്ലപ്പെട്ടത്. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജയകുമാർ ആക്രമിച്ച ഭാര്യാ പിതാവ് ശശിയും ബന്ധു രാധാമണിയും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. അജിക്ക് ഭാര്യ ശ്യാമയെ സംശയമായിരുന്നുവെന്നാണ് അയൽവാസികളടക്കം പറയുന്നത്.
കോയിപ്രം പൊലീസ് ഇടപെട്ട് മുൻപ് കൗൺസിലിങ്ങിന് കൊണ്ടുപോയിരുന്നു. സംശയത്തെ തുടർന്ന് ശ്യാമയെ അജി കത്തിക്കൊണ്ട് കുത്തുന്നത് കണ്ട് തടയാനെത്തിയ ശ്യാമയുടെ പിതാവ് ശശിയെയും ശശിയുടെ സഹോദരിയെയും ആക്രമിച്ചു. മൂന്നു പേരെയും കത്തികൊണ്ട് കുത്തി അജി പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ട് സമീപത്ത് തന്നെ താമസിക്കുന്ന ശശിയുടെ സഹോദരിയും സ്ഥലത്തെത്തുകയായിരുന്നു. തുടർന്നാണ് ഇവരെയും അജി ആക്രമിച്ചത്. സംഭവത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കൽ കോളേജിൽ രാത്രിയോടെ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ശ്യാമ മരിക്കുന്നത്. മറ്റു രണ്ടുപേരും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.