കൊച്ചി, ജൂലൈ 10, 2024: പാർക്കിൻസൺസ് രോഗത്തെ ആസ്പദമാക്കിയുള്ള മൂന്നാമത് ലക്സ്-ജയന്റ് ശാസ്ത്രസമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രി. ജൂലൈ 13, 14 ദിവസങ്ങളിൽ കൊച്ചി ലെ മെരിഡിയൻ ഹോട്ടലാണ് സമ്മേളനത്തിന് വേദിയാകുന്നത്. മൂവ്മെന്റ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്റർനാഷണൽ പാർക്കിൻസൺ ആൻഡ് മൂവ്മെന്റ് ഡിസോർഡർ സൊസൈറ്റിയുടെ ഏഷ്യൻ ആൻഡ് ഓഷ്യാനിക് വിഭാഗം, പാർക്കിൻസൺസ് ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. 11 വിദേശ പ്രതിനിധികളും നാല് ദേശീയ പ്രതിനിധികളും സമ്മേളനത്തിൽ പ്രസംഗിക്കും.
പാർക്കിൻസൺസ് രോഗചികിത്സയിലെ ജനിതക ബയോമാർക്കുകൾ മുതൽ അതിനൂതന മോഡലിംഗ് ടെക്നിക്കുകൾ വരെയുള്ള ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതികതകളും സമ്മേളനത്തിൽ ചർച്ചയാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ രോഗത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അറിവുകളും ചികിത്സാരീതികളും മനസ്സിലാക്കുന്നതിന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരെ ഒരുമിച്ചുകൊണ്ടുവരാനാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പാർക്കിൻസൺസ് ആൻഡ് മൂവ്മെന്റ് ഡിസോർഡർ ക്ലിനിക്കിന്റെ ആസ്റ്റർ കേരള വിഭാഗം ഡയറക്ടർ ഡോ. ആശ കിഷോർ പറഞ്ഞു. അഗോളതലത്തിൽ പാർക്കിൻസൺസ് രോഗത്തെ കുറിച്ച് പല പുതിയ വിവരങ്ങളും പഠനങ്ങളും പുറത്തുവരുന്നുണ്ട്. ഇവ സമഗ്രമായി ചർച്ച ചെയ്യാനും നൂതനമായ ചികിത്സാരീതികൾ പഠിക്കാനും ഈ സമ്മേളനം കാരണമാകുമെന്ന് ഡോ. ആശ കിഷോർ കൂട്ടിച്ചേർത്തു.
സങ്കീർണമായ ഈ രോഗത്തെക്കുറിച്ച് ആഴത്തിൽ അറിയാനും ചർച്ചചെയ്യാനും ഒരു വേദിയൊരുക്കി നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും നാഡീസംബന്ധമായ രോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് മെച്ചപ്പെട്ട ചികിത്സാമാർഗങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ആസ്റ്റർ മെഡ്സിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ പറഞ്ഞു. ഗവേഷണത്തിലും അനുഭവജ്ഞാനത്തിലൂടെയുമാണ് ഇത് സാധ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്സംബർഗ്-ജർമൻ ഇന്ത്യൻ അലയൻസ് ഓൺ ന്യൂറോഡിജെനെറേറ്റീവ് ഡിസീസ് ആൻഡ് തെറാപ്യൂട്ടിക്സ് (ലക്സ്-ജയന്റ്) 2018ലാണ് രൂപീകരിക്കുന്നത്. ഇന്ത്യ, ജർമനി, ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ ചലനവൈകല്യങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങളിൽ വൈദഗ്ധ്യമുള്ള ഡോക്ടർമാരുടെ കൂട്ടായ്മയാണിത്.