തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടിയിൽ ഫുട്ബോൾ മത്സരം കാണാൻ സ്റ്റേഡിയത്തിന്റെ ഗേറ്റ് തകർത്ത് അകത്ത് കയറി കാണികൾ. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ തിരൂരങ്ങാടി ഗവ. ഹൈസ്കൂൾ മൈതാനത്താണ് സംഭവം. അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ ക്വാർട്ടർഫൈനൽ മത്സരം കാണാൻ ടിക്കറ്റ് കിട്ടാഞ്ഞതോടെയാണ് കാണികൾ സ്റ്റേഡിയത്തിലേക്ക് ഇരച്ച് കയറിയത്.
ബെയ്സ് പെരുമ്പാവൂരും ഫിഫ മഞ്ചേരിയും തമ്മിലായിരുന്നു മത്സരം. തിരൂരങ്ങാടി സ്പോർട്സ് അക്കാദമിായിരുന്നു സെവൻസ് മത്സരം സംഘടിപ്പിച്ചിരുന്നത്. ക്വാർട്ടർഫൈനൽ മത്സരം കാണാൻ തിക്കും തിരക്കും കൂടിയതോടെ ടിക്കറ്റ് വിൽപ്പന വേഗത്തിൽ കഴിഞ്ഞു. കളി തുടങ്ങുന്നതിനു മുൻപുതന്നെ ഗാലറി നിറഞ്ഞതോടെ സംഘാടകർ മൈതാനത്തിലേക്കുള്ള ഗേറ്റ്പൂട്ടിയിട്ടിരുന്നു. ഇതോടെ ടിക്കറ്റ് കിട്ടാതെ നൂറുകണക്കിന് ആരാധകർ നിരാശരായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കളി കാണാൻ സാധിക്കില്ലെന്ന നിരാശയിൽ നൂറ് കണക്കിന് ആരാധകരാണ് മൈതാനത്തിന് പുറത്ത് തടിച്ചുകൂടിയത്. ഒടുവിൽ കളിതുടങ്ങുന്നതിന് മുമ്പായി ഇവർ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കുകയുമായിരുന്നു. ആൾക്കൂട്ടം ഇരച്ച് കയറിയതോടെ ഗേറ്റ് തകർന്നു. സംഘാടകർക്ക് നിയന്ത്രിക്കാനാകാത്ത വിധമാണ് കാണികൾ ഇടിച്ചുകയറിയത്. ഭാഗ്യംകൊണ്ടാണ് അത്യാഹിതമില്ലാതെ രക്ഷപ്പെട്ടത്. മത്സരത്തിൽ ബെയ്സ് പെരുമ്പാവൂർ മൂന്നു ഗോളുകൾക്ക് ഫിഫ മഞ്ചേരിയെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു.