വിവാദങ്ങൾ നിറഞ്ഞ ഗോപുര നടതുറപ്പിന് വിട; രാമനില്ലാതെ തെക്കേ ഗോപുരം തുറന്ന് എറണാകുളം ശിവകുമാർ ; ആഘോഷമായി പൂര വിളംബരം

തൃശൂർ : രണ്ടു വർഷം മുൻപ് വിവാദത്തിൽ മുങ്ങിയ പൂരവിളംബര ചടങ്ങ് തൃശൂരിൽ ഇന്ന് നടന്നത് ശാന്തമായി. അന്ന് രാമനു വേണ്ടി മുറവിളി കൂട്ടിയവരെ എല്ലാം സാക്ഷിയാക്കി , എറണാകുളം ശിവകുമാർ തെക്കേ ഗോപുര നടതള്ളിത്തുറന്ന് ഇറങ്ങിയതോടെ ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ വിളംബരമായി. 2018 ൽ തെക്കേ ഗോപുര നട തുറക്കാൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ കൊണ്ടു വരാതിരുന്നത് വൻ വിവാദമായി മാറിയിരുന്നു. ഇതേ തുടർന്ന് വൻ തർക്കവും പ്രതിസന്ധിയുമാണ് ഉടലെടുത്തത്. ആന പ്രേമികളും ആന ഉടമളും ക്ഷേത്ര ഭാരവാഹികളും ഒരുപോലെ രംഗത്തെത്തുകയും ചെയ്തു. വിവാദങ്ങൾക്കൊടുവിൽ വനംവകുപ്പ് ആനയ്ക്ക് അനുമതി നൽകിയതോടെയാണ് തെക്കേ ഗോപുര നട തുറക്കുന്ന ചടങ്ങിന് തുടക്കമായത്. പിന്നീട് രണ്ടുവർഷം കോവിഡ് മൂലം വെറും ചടങ്ങ് മാത്രമാണ് നടന്നത്. ഈ വർഷം പൂരം പുനരാരംഭിക്കുമ്പോൾരാമൻ തെക്കേ ഗോപുരനട തുറക്കണമെന്ന ആവശ്യത്തിന് പതിവ് ആവേശമില്ല. രാമന്റെ പിൻഗാമിയായി എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറന്നു ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് പൂര വിളംബരം നടത്തുകയും ചെയ്തു.

Advertisements

തിങ്കളാഴ്‌ച രാവിലെ ആചാരപ്രകാരം കുറ്റൂര്‍ നെയ്‌തലക്കാവ് ഭഗവതിക്ഷേത്ര ദേശക്കാര്‍ എഴുന്നള്ളിയെത്തി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട പൂരത്തിനായി തുറന്നുകൊടുത്തു. എറണാകുളം ശിവകുമാര്‍ എന്ന കൊമ്പനാണ് തിടമ്പേറ്റി നടതുറന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാറമേക്കാവ് –തിരുവമ്പാടി വിഭാഗക്കാരുടെ ചമയ പ്രദര്‍ശനം ഞായറാഴ്‌ച രാവിലെ ആരംഭിച്ചു. രാത്രി സാമ്പിള്‍ വെടിക്കെട്ട് പൊട്ടിവിരിഞ്ഞതോടെ പൂരനഗരി ജനനിബിഡമായി. മൂന്നു വര്‍ണപ്പന്തലുകള്‍ ദീപാലംകൃതമായി. പൂര പ്രഭയിലായ നഗരത്തിലേക്ക് നിലയ്‌ക്കാത്ത ജനപ്രവാഹം. തിങ്കളാഴ്‌ച വൈകിട്ട് തേക്കിന്‍കാട്‌ മൈതാനിയില്‍ സിഎംഎസ്‌ സ്‌കൂളിന്‌ മുന്നില്‍ ആടയാഭരണങ്ങളില്ലാത്ത ആനകളുടെ പ്രദര്‍ശനം ഹരം പകരും.

ചൊവ്വാഴ്‌ച രാവിലെ എട്ട്‌ ഘടകദേശപ്പൂരങ്ങളോടെ മുപ്പത്‌ മണിക്കൂര്‍ നീളുന്ന പൂരക്കാഴ്‌ചകള്‍ക്ക്‌ തുടക്കം കുറിക്കും. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് പൂരനഗരിയില്‍ ആദ്യമെത്തുക. കണിമംഗലം എഴുന്നള്ളിപ്പ് തെക്കേ ഗോപുരം വഴിയാണ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക. ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക്‌ ഭഗവതി, ലാലൂര്‍ കാര്‍ത്യായനീ ദേവി, ചൂരക്കോട്ടുകാവ്‌ ദുര്‍ഗാദേവി, അയ്യന്തോള്‍ കാര്‍ത്യായനീ ദേവി, കുറ്റൂര്‍ നെയ്‌തലക്കാവ്‌ ഭഗവതി എന്നീ അഞ്ച്‌ ദേശക്കാര്‍ പടിഞ്ഞാറേ ഗോപുരം വഴി പ്രവേശിച്ച്‌ തെക്കേ ഗോപുരം വഴിയാണ് ഇറങ്ങുക. കിഴക്കുംപാട്ടുകര പനമുക്കുംപിള്ളി ശ്രീധര്‍മ ശാസ്‌താവും ചെമ്ബൂക്കാവ്‌ കാര്‍ത്യായനി ഭഗവതിയും കിഴക്കേ ഗോപുരം വഴി പ്രവേശിച്ച്‌ തെക്കേ ഗോപുരം വഴി പുറത്തേക്കിറങ്ങും. ചെറു പൂരങ്ങള്‍ക്ക്‌ മൂന്നു മുതല്‍ പതിനാല് വരെ ആനകളും മേള പ്രമാണിമാര്‍ അണിനിരക്കുന്ന വാദ്യഘോഷവുമുണ്ടാവും.

പകല്‍ പതിനൊന്നോടെ തിരുവമ്പാടിയുടെ പ്രസിദ്ധമായ മഠത്തില്‍വരവ് ആരംഭിക്കും. 12ന് പതിനഞ്ചാനപ്പുറത്ത് പാറമേക്കാവിന്റെ എഴുന്നള്ളിപ്പും തുടങ്ങും. രണ്ടരയോടെ ഇലഞ്ഞിത്തറ മേളം. വൈകിട്ട് അഞ്ചരയോടെ തെക്കോട്ടിറക്കം. തെക്കേ ഗോപുരനടയില്‍ പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാര്‍ അഭിമുഖമായി അണിനിരന്നുള്ള കുടമാറ്റത്തിന് ജനലക്ഷങ്ങള്‍ സാക്ഷ്യം. അന്‍പതിലേറെ സെറ്റ്‌ കുടകള്‍ ഉയര്‍ത്തും. ബുധനാഴ്‌ച പുലര്‍ച്ചെ മുന്നിനാണ് മുഖ്യ വെടിക്കെട്ട്. ഉച്ചക്ക് പൂരം ഉപചാരംചൊല്ലി പിരിയും.

Hot Topics

Related Articles