ഇന്ന് രാവിലെ പത്തനാപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്കു പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിൽ കുഴഞ്ഞു വീണു തലയ്ക്ക് പരിക്കേറ്റ യാത്രക്കാരിയെ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി എമർജൻസിയിലെത്തിച്ച് കെ എസ് ആർ ടി സി ജീവനക്കാർ വീണ്ടും മാതൃകയായി. കോന്നിയിൽ നിന്ന് കയറിയ യാത്രക്കാരിക്ക് തിരുവല്ലക്കു സമീപം വച്ചാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സീറ്റിലിരുന്ന യാത്രക്കാരി ബസിന്റെ ജനാലയിലേക്കു തലയിടിച്ചു വീഴുകയായിരുന്നു. തലയിൽ മുറിവേറ്റു രക്തം വാർന്ന യാത്രക്കാരിയെ ബസ് കണ്ടക്റ്റർ റെജീഷും ഡ്രൈവർ സുരേഷ് കുമാറും ചേർന്ന് യാത്രക്കാരുടെ സഹകരണത്തോടുകൂടെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ യാത്രക്കാരിയെ ഏൽപ്പിച്ചു ബന്ധുക്കളെ വിവരം അറിയിച്ചു യാത്രക്കാരിയുടെ ചികിത്സ ഉറപ്പുവരുത്തിയ ശേഷമാണ് ബസ് യാത്ര തുടർന്നത്. യാത്രക്കാരി തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്.


