കോട്ടയം: തിരുവഞ്ചൂര്‍ മോര് അന്തോണിയോസ് മൊണാസ്ട്രിയുടെ കൂദാശ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ഇന്ന് നിര്‍വഹിക്കും. നാളെ തൂത്തൂട്ടി മോര് ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും യാക്കോബായ സുറിയാനി സഭയുടെ ഏഴു വൈദികര്‍ക്ക് റമ്പാന് സ്ഥാനം നല്‍കും. ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ഓസ്ട്രേലിയന്‍ അതിഭദ്രാസന നിയുക്ത മെത്രാപ്പോലീത്ത ഫാ. ജോര്‍ജ്ജ് വയലിപ്പറമ്പില്‍, പൗരസ്ത്യ സുവിശേഷ സമാജത്തിനു വേണ്ടി ഫാ. മാത്യു ജോണ്‍ പൊക്കതയില്‍, ഫാ. വര്‍ഗീസ് കുറ്റിപ്പുഴയില്‍, മോര് അന്തോണിയോസ് മൊണാസ്ട്രിക്കുവേണ്ടി റവ. ഡോ: കുര്യാക്കോസ് കൊള്ളന്നൂര്‍, ഫാ. ജോഷി വെട്ടിക്കാട്ടില്‍, ഫാ. കുര്യന് പുതിയപുരയിടത്തില്‍, ഫാ. കുര്യാക്കോസ് ജോണ്‍ പറയന്‍കുഴിയില്‍ എന്നിവര്‍ക്കാണ് റമ്പാന് സ്ഥാനം നല്‍കുന്നത്.
ഇന്ന് വൈകിട്ട് 4.30ന് പട്ടിത്താനം ജംഗ്ഷനിലെത്തുന്ന പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായെ ഏറ്റുമാനൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി തിരുവഞ്ചൂര്‍ മോര് അന്തോണിയോസ് മൊണാസ്ട്രിയിലേക്ക് പുറപ്പെടും. വൈകിട്ട് അഞ്ചിന് മൊണാസ്ട്രിയുടെ അങ്കണത്തിലെത്തുന്ന പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായെ, റമ്പാന് സ്ഥാനം സ്വീകരിക്കുന്ന ഏഴ് വൈദികര്‍ ചേര്‍ന്ന് കത്തിച്ച മെഴുകുതിരികൊടുത്തു മാലയിട്ട് സ്വീകരിക്കും. തുടര്‍ന്ന് എന്‍എസ്എസ് കരയോഗവും എസ്എന്‍ഡിപി യോഗവും തിരുവഞ്ചൂര്‍ പൗരസമിതിയും ചേര്‍ന്ന് ബാവായ്ക്ക് സ്വീകരണം നല്‍കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
5.30ന് മോര് അന്തോണിയോസ് മൊണാസ്ട്രിയുടെ ആദ്യബ്ലോക്കിന്റെ കൂദാശ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ നിര്‍വഹിക്കും. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായെ തൂത്തൂട്ടി മോര് ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തിലേക്ക് ആനയിക്കും. കാല് നടയായി വിശ്വാസികളും യാത്രയില്‍ അണിചേരും. വൈകിട്ട് ഏഴിന് ധ്യാനകേന്ദ്രത്തില്‍ സ്വീകരണം. തുടര്‍ന്ന് മൊണാസ്ട്രിയുടെ സമര്‍പ്പണം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ നിര്‍വഹിക്കും. തട്ടികൊണ്ടുപോയ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അലപ്പോ ആര്‍ച്ച് ബിഷപ്പ് മോര് ഗ്രിഗോറിയോസ് യോഹന്ന ഇബ്രാഹിം മെത്രാപ്പോലീത്തായുടെയും മധ്യപൂര്‍വദേശത്തെ വിവിധ രാജ്യങ്ങളില്‍ വിശ്വാസത്തെ പ്രതി രക്തസാക്ഷികളായ സുറിയാനി സഭാ മക്കളുടെയും സ്മരണയ്ക്കായിട്ടാണ് മൊണാസ്ട്രി സമര്‍പ്പിക്കുക.
വൈകിട്ട് 7.30ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ വിശ്വാസികളെ അഭിസംബോധന ചെയ്യും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ കായിക, സാമൂഹിക, സേവന രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ച സഭാംഗങ്ങളെ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ ആദരിക്കും. മലങ്കര മെതാപ്പോലീത്തയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മോര് ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോര് തീമോത്തിയോസ്, ധ്യാനകേന്ദ്രം ഡയറക്ടറും ഇടുക്കി ഭദ്രാസനാധിപനുമായ സഖറിയാസ് മോര് പീലക്സീനോസ്, സന്യാസപ്രസ്ഥാനങ്ങളുടെ മെത്രാപ്പോലീത്ത മാത്യൂസ് മോര് തീമോത്തിയോസ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഗ്രിഗോറിയന്‍ മെലഡീസിന്റെ ഗാനശുശ്രുഷ.
തൂത്തൂട്ടി മോര് ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തില്‍ നാളെ രാവിലെ ഏഴിന് പ്രഭാത പ്രാര്‍ഥനയും എട്ടിന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും. കുര്‍ബാന മധ്യേ ഏഴ് വൈദികര്‍ക്ക് അദ്ദേഹം റമ്പാന് സ്ഥാനം നല്‍കും. തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ കോട്ടയം ഭദ്രാസനം മര്‍ത്തമറിയം വനിതാ സമാജം നിര്‍മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ ധാനം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ നിര്‍വഹിക്കും. അഖില മലങ്കര മര്‍ത്തമറിയം വനിതാ സമാജം മൊണാസ്ട്രിക്ക് നിര്‍മിച്ച് നല്കുന്ന മുറിയുടെ ആദ്യ ഗഡു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ സ്വീകരിക്കും.