തിരുനക്കര പഴയ ബസ് സ്റ്റാന്റില്‍  ബസുകള്‍ കയറിയിറങ്ങണമെന്ന ലീഗല്‍ സര്‍വീസസ് അതോറിട്ടി നിര്‍ദ്ദേശം നടപ്പായില്ല: സാവകാശം ചോദിച്ച് കോട്ടയം നഗരസഭ 

കോട്ടയം: തിരുനക്കര പഴയ ബസ് സ്റ്റാന്റില്‍ ബുധനാഴ്ച മുതല്‍ ബസുകള്‍ കയറിയിറങ്ങണമെന്ന ലീഗല്‍ സര്‍വീസസ് അതോറിട്ടി നിര്‍ദ്ദേശം നടപ്പായില്ല. ഒരു ദിവസത്തെ കൂടി സാവകാശം ചോദിച്ചിരിക്കുകയാണ് കോട്ടയം നഗരസഭ. പ്രതികൂല കാലാവസ്ഥ മൂലം ബസ് ബേ അടക്കമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് നഗരസഭുടെ വിശദീകരണം. 

Advertisements

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെ സിറ്റിംങ്ങില്‍ അടിയന്തരമായി ബസ് ബേ ഒരുക്കി ബുധനാഴ്ച സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുമെന്ന് കോട്ടയം നഗരസഭ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടു.  ബസുകള്‍ സ്റ്റാന്റില്‍ കയറുന്നതിന് നഗരസഭ ഒരുദിവസത്തെ കൂടി സാവകാശം തേടി. ബസ് ബേ അടക്കമുള്ള ക്രമീകരണങ്ങള്‍ പ്രതികൂല കാലാവസ്ഥ മൂലം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല എന്ന് സെക്രട്ടറി അറിയിച്ചു. വ്യാഴാഴ്ച മുതല്‍ ബസ് സ്റ്റാന്‍ഡിലൂടെ സര്‍വ്വീസ് നടത്തുവാന്‍ ക്രമീകരണം ഒരുക്കുമെന്നാണ് നഗരസഭാ സെക്രട്ടറി ബുധനാഴ്ച നടന്ന സിറ്റിംങ്ങില്‍ ലീഗല്‍ സര്‍വീസ് അതോറിട്ടിയെ അറിയിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാഴാഴ്ച നടക്കുന്ന സിറ്റിംങ്ങില്‍ വിഷയം വീണ്ടും പരിഗണിക്കുമെന്നും, കൂടുതല്‍ സമയം അനുവദിക്കാന്‍ ഇനി കഴിയില്ലെന്നും അതോറിറ്റി സെക്രട്ടറിയും, സബ് ജഡ്ജുമായ ജി. പ്രവീണ്‍കുമാര്‍ വ്യക്തമാക്കി. കോട്ടയം തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് ഉള്ളിലെ ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം കാലപ്പഴക്കത്താല്‍ പൊളിച്ചു നീക്കണമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്റ്റാന്‍ഡിനുള്ളിലൂടെയുള്ള ബസ്സുകളുടെ സര്‍വീസ് കോട്ടയം നഗരസഭ നിര്‍ത്തി വച്ചത്. ഇതോടെ കഴിഞ്ഞ 10 മാസമായി ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പില്‍ യാത്രക്കാരെ കയറ്റി ഇറക്കിയാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഇത് കോട്ടയം ടൗണില്‍ എത്തുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടും, ഗതാഗതകുരുക്കും പരിഗണിച്ചുകൊണ്ടാണ് ജില്ലാ ഭരണകൂടം, പോലീസ് തുടങ്ങിയവരുമായി ചര്‍ച്ച നടത്തി അടിയന്തരമായി തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് ബുധനാഴ്ച മുതല്‍ തുറന്നു നല്‍കുവാന്‍ കോട്ടയം നഗരസഭയ്ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി നിര്‍ദ്ദേശം നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമടക്കമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് സ്റ്റാന്‍ഡ് തുറക്കാന്‍ വൈകിയത് എന്നായിരുന്നു അധികൃതരുടെയും വിശദീകരണം.

Hot Topics

Related Articles