കോട്ടയം: കർക്കിടകത്തിന്റെ ആലസ്യത്തിലെ സുഖ ചികിത്സയ്ക്കു ശേഷം തിരുനക്കരയുടെ തിരുമുറ്റത്ത് കൊമ്പൻമാർ എഴുന്നെള്ളി നിൽക്കും. ചിങ്ങപ്പുലരിയിൽ മഹാദേവന്റെ ഒരു ഉരുളചോറുണ്ട് അനുഗ്രഹം വാങ്ങി മനവും പെരുവയറും ഹൃദയവും നിറയ്ക്കാനാണ് കൊമ്പന്മാർ എത്തുന്നത്. ചങ്ങപ്പുലരിയായ ആഗസ്റ്റ് 21 നാണ് തിരുനക്കര മഹാദേവന്റെ തിരുമുറ്റത്ത് കൊമ്പന്മാരുടെ ആനയൂട്ട് നടക്കുന്നത്. തിരുനക്കര മഹാദേവന്റെ സ്വന്തം കൊമ്പൻ തിരുനക്കര ശിവൻ തന്നെയാണ് ആനയൂട്ടിന്റെ പ്രധാന ആകർഷണം. ആഗസ്റ്റ് 21 ചിങ്ങം അഞ്ചിന് രാവിലെ എട്ടു മണിയ്ക്കാണ് തിരുനക്കര മഹാദേവക്ഷേത്രത്തിൽ ആനയൂട്ട് നടക്കുക.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മുപ്പതോളം കൊമ്പന്മാരാണ് ഞായറാഴ്ച ക്ഷേത്രത്തിൽ ആനയൂട്ടിനെത്തുന്നതെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി ഗണേഷ്, സെക്രട്ടറി അജയ് ടി.നായർ എന്നിവർ അറിയിച്ചു. രാവിലെ എട്ടിന് ആരംഭിക്കുന്ന ആനയൂട്ട് ചടങ്ങ് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനര്, ദേവസ്വം ബോർഡ് അംഗങ്ങളായ പി.എം തങ്കപ്പൻ, അഡ്വ.മനോജ് ചരളേൽ, ദേവസ്വം കമ്മിഷണർ ബി.എസ് പ്രകാശ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ആനയൂട്ടിനോട് അനുബന്ധിച്ചുള്ള ലോഗോ പ്രകാശനം മന്ത്രി വി.എൻ വാസവൻ ആഗസ്റ്റ് 14 ന് രാവിലെ പത്തിന് ക്ഷേത്രാങ്കണത്തിൽ നടത്തും.