തിരുവല്ല : തിരുവല്ല കവിയൂർ തോട്ടഭാഗത്ത് രണ്ടു ദിവസം മുമ്പ് ഗൃഹപ്രവേശം നടന്ന വീട്ടിൽ നിന്നും 23 പവൻ സ്വർണാഭരണങ്ങളും 65,000 രൂപയും കവർന്നു. വിദേശ മലയാളിയായ തോട്ടഭാഗം ഇട്ടുവിരുത്തിൽ കുന്നുംപുറത്ത് വീട്ടിൽ ഷാജി ചാക്കോയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചയോടെയാണ് വീട്ടുകാർ മോഷണ വിവരം അറിഞ്ഞത്. വീടിന്റെ പിൻവശത്തെ മുറിയുടെ ജനാല കുത്തിത്തുറന്ന് അലമാരയിൽ ഇരുന്നിരുന്ന ബാഗുകളിൽ നിന്നുമാണ് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചത്.
ജനാലയുടെ പാളി കുത്തി തുറന്ന മോഷ്ടാക്കൾ സ്വർണാഭരണം അടക്കം സൂക്ഷിച്ചിരുന്ന ഇരുമ്പ് അലമാര ജനാലയ്ക്ക് അരികിലേക്ക് വലിച്ച് അടുപ്പിച്ച ശേഷം അലമാരിയുടെ മുകളിൽ വെച്ചിരുന്ന താക്കോൽ കൈവശപ്പെടുത്തി അലമാര തുറന്ന ശേഷമാണ് മോഷണം നടത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെ ഷാജിയുടെ ഭാര്യ ദീപ മുറിയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഷാജിയും ഭാര്യ ദീപയും മകളും വീടിന്റെ ഒന്നാം നിലയിലെ മുറിയിലാണ് ഉറങ്ങിയിരുന്നത്. താഴത്തെ നിലയിലെ മുറിയിൽ ഷാജിയുടെ മാതാപിതാക്കൾ ഉണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവർ കിടന്നിരുന്ന മുറിക്ക് സമീപമുള്ള മുറിയിലാണ് മോഷണം നടന്നത്. വീടിന്റെ ഒന്നാം നിലയുടെ പോർട്ടിക്കോയുടെ പുറത്ത് നിന്നും ഉള്ള വാതിൽ കുത്തിത്തുറക്കാൻ മോഷ്ടാക്കൾ ശ്രമം നടത്തിയിരുന്നു. അത് പരാജയപ്പെട്ടതോടെയാണ് താഴത്തെ നിലയിലെ മുറിയുടെ ജനാല കുത്തി തുറന്ന് മോഷണം നടത്തിയത്. സംഭവം അറിഞ്ഞ് തിരുവല്ല ഡി.വൈ.എസ്.പി ടി. രാജപ്പന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. രാവിലെ 11 മണിയോടെ പത്തനംതിട്ടയിൽ നിന്നുള്ള ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയതായി ഡിവൈഎസ്പി ടി രാജപ്പൻ പറഞ്ഞു.