പത്തനംതിട്ട : തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ. ഒളിവിലായിരുന്ന പ്രീതയെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് അറസ്റ്റ് ചെയ്യുന്നത്.
തിരുവല്ല മതിൽഭാഗം സ്വദേശിയുടെ നിക്ഷേപം തട്ടിയ കേസിലാണ് നടപടി.നിക്ഷേപത്തിന്റെ പലിശ ഉൾപ്പെടെ ആറേമുക്കാൽ ലക്ഷം രൂപ 2022 ഒക്ടോബറിൽ പിൻവലിക്കാൻ പരാതിക്കാരി അപേക്ഷ നൽകിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിക്ഷേപത്തിന്റെ അസ്സൽ രേഖകൾ ഉൾപ്പെടെ വാങ്ങിവെച്ച ജീവനക്കാർ പക്ഷേ പണം തിരികെ നൽകിയില്ല. തുടരന്വേഷണത്തിലാണ് വ്യാജ ഒപ്പിട്ട് ബാങ്ക് ജീവനക്കാരി പണം തട്ടിയെന്ന് അറിയുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം അട്ടിമറിച്ചതായും പരാതിക്കാരി ആരോപിച്ചിരുന്നു.