തിരുവല്ല : സിപിഎം ജനകീയ പ്രതിരോധ ജാഥയ്ക്ക് തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വർണ്ണോജ്ജലമായ വരവേൽപ്പ് നൽകി. തിരുവല്ല ട്രാഫിക് ജംഗ്ഷനിൽ നിന്ന് തുറന്ന വാഹനത്തിൽ ജാഥാ ക്യാപ്റ്റനെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിച്ചു.
തുടർന്ന് വാഹനത്തെ അനുഗമിച്ച് ബാൻറ് മേളം, വിവിധ കോലങ്ങൾ, നാടൻ കലാരൂപങ്ങൾ, പരുന്താട്ടം, ആയിരത്തോളം വരുന്ന ചുവപ്പ് സേനാംഗങ്ങൾ തുടങ്ങിയവ ജാഥയെ വർണ്ണ ശബളമാക്കി. ജാഥാ ക്യാപ്റ്റൻ എത്തുന്നതിന് മുമ്പായി സ്വീകരണ കേന്ദ്രമായ സ്റ്റേഡിയത്തിലെ പന്തലിൽ ജനങ്ങൾ തിങ്ങി നിറഞ്ഞു. ഓട്ടോ ടാക്സി തൊഴിലാളികൾ, വഴിയോരക്കച്ചവട യൂണിയൻ അടക്കമുള്ള വിവിധ ട്രേഡ് യൂണിയനുകളും, സമീപ പ്രദേശത്തെ വിവിധ ലോക്കൽ കമ്മിറ്റികൾ അടക്കം ജാഥകളായി
സ്വീകരണ കേന്ദ്രത്തിലേക്ക്
വന്നുകൊണ്ടിരുന്നത് ശ്രദ്ധേയമായി.
വേദിയിൽ ജാഥ അംഗങ്ങളായ ജെയ്ക് സി തോമസ്, മുൻ എംപി സി എസ് സുജാതയും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു തുടങ്ങി. രക്തസാക്ഷികൾക്ക് വിപ്ലവാഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ള മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ജീപ്പിൽ സ്വീകരണ കേന്ദ്രത്തിൽ ജാഥാ ക്യാപ്റ്റൻ എത്തിച്ചേർന്നു. മൈതാനത്ത് ജനസാഗരം ആയതുമൂലം റെഡ് വോളണ്ടിയർ അടക്കം
മൈതാനത്ത് പ്രവേശിക്കുവാൻ സ്ഥലമില്ലാതെയായി.
ജനങ്ങൾ റോഡിന്റെ ഇരുഭാഗങ്ങളിലും നിന്നാണ് ക്യാപ്റ്റന്റെ പ്രസംഗം കേട്ടത്. സ്വീകരണ പരിപാടികൾക്ക് ശേഷം അടുത്ത സ്വീകരണ സ്ഥലമായ റാന്നിയിലേക്ക് യാത്രതിരിച്ചു.