തിരുവല്ല: കൊല്ലപ്പെട്ട സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്തംഗവുമായ ചാത്തങ്കരി പുത്തൻപറമ്പിൽ പി.ബി. സന്ദീപ് കുമാറിന്റെ കുടുംബ സഹായനിധിയിൽ രണ്ടുകോടി രൂപ സമാഹരിച്ചു. സി.പി.എം സമാഹരിച്ച ഫണ്ട് നാളെ വൈകിട്ട് നാലിന് ചാത്തങ്കരി എസ്.എൻ.ഡി.പി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദീപിന്റെ കുടുംബത്തിന് കൈമാറും. സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും.
സന്ദീപിന്റെ ഭാര്യ സുനിത, മകൻ നിഹാൽ (3), നാലുമാസം പ്രായമായ മകൾ ഇസ എന്നിവരുടെ പേരിൽ 25 ലക്ഷം രൂപ വീതവും സന്ദീപിന്റെ പിതാവ് രാജപ്പൻ, മാതാവ് ഓമന എന്നിവരുടെ പേരിൽ 10 ലക്ഷം രൂപ വീതവും കേരള ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇതുകൂടാതെ ഇവരുടെ കുടുംബത്തിന് പുതിയ വീട് നിർമ്മിക്കാനായി 50 ലക്ഷം രൂപയും നീക്കിവയ്ക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാക്കിയുള്ള തുകയ്ക്ക് സന്ദീപിന്റെ ദീപ്തസ്മരണയ്ക്കായി പെരിങ്ങര പഞ്ചായത്തിൽ സ്മാരകം നിർമ്മിക്കാനാണ് പാർട്ടി തീരുമാനം. വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്ന പെരിങ്ങര പഞ്ചായത്തിൽ ജനങ്ങൾക്ക് സുരക്ഷിതമായി താമസസൗകര്യം ഉറപ്പാക്കുന്ന അഭയകേന്ദ്രം സ്മാരകമായി ഒരുക്കുവാനാണ് ആലോചിക്കുന്നത്. സ്ഥലം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സന്ദീപിന്റെ ഭാര്യ സുനിതയ്ക്ക് പുതുശേരി അദ്ധ്യാപക സർവീസ് സഹകരണ ബാങ്ക് തിരുവല്ല ശാഖയിൽ ക്ലാർക്കായി ജോലി ലഭിച്ചത് കുടുംബത്തിന് വലിയ ആശ്വാസമായി.
കഴിഞ്ഞ ഡിസംബർ രണ്ടിനാണ് അഞ്ചംഗസംഘം സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയത്. ഇതേതുടർന്ന് നിർദ്ധനരായ കുടുംബത്തിന്റെ സംരക്ഷണം സി.പി.എം നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. . പാർട്ടി അംഗങ്ങൾക്കൊപ്പം ധനസമാഹരണത്തിൽ പങ്കാളിയായ പൊതുജനങ്ങൾക്കും ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു നന്ദി അറിയിച്ചു.