തിരുവല്ല: പ്രശസ്ത കഥകളി സംഗീതജ്ഞന്‍ തിരുവല്ല ഗോപിക്കുട്ടന്‍ നായര്‍ വിടവാങ്ങി. 78 വയസായിരുന്നു. കഥകളി നടനായി കലാജീവിതം ആരംഭിച്ച് കഥകളി സംഗീതത്തിലേക്ക് ചുവട് വച്ച തിരുവല്ല ഗോപിക്കുട്ടന്‍ നായര്‍ സ്വതസിദ്ധമായ ആലാപന ശൈലി കൊണ്ടാണ് ആസ്വാദക ഹൃദയത്തില്‍ ഇടം നേടിയത്.
1944 ഡിസംബര്‍ 9നു തിരുവല്ലാ തുകലശ്ശേരി മാടപ്പത്ര വീട്ടില്‍ ശ്രീ നീലകണ്ഠപ്പിള്ളയുടെയും ശ്രീമതി പാറുക്കുട്ടി അമ്മയുടെയും പുത്രനായി ജനിച്ചു. കണ്ണഞ്ചിറ രാമന്‍പിള്ള, കണ്ണഞ്ചിറ കൃഷ്ണപിള്ള, തിരുവല്ലാ വാസുദേവന്‍ പിള്ള, കൊച്ചിക്കാ കേശവപിള്ള, തിരുവല്ലാ മാതുപിള്ള (കഥകളി സംഗീതം) എന്നീ കഥകളി കലാകാരന്മാരുടെ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നന്നേ ചെറുപ്പത്തിലേ ഇളയച്ഛനായ കണ്ണഞ്ചിറ രാമന്‍ പിള്ളയില്‍ നിന്നും കഥകളി അഭ്യസിച്ചു, പത്താം വയസ്സില്‍ കഥകളിക്കു കച്ച കെട്ടി. സുപ്രസിദ്ധ കഥകളി കലാകാരന്മാരായ ഗുരു. ചെങ്ങന്നൂര്‍ രാമന്‍പിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി, ഹരിപ്പാട് രാമകൃഷ്ണ പിള്ള, മങ്കൊമ്പ് ശിവശങ്കര പിള്ള, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, മടവൂര്‍ വാസുദേവന്‍ നായര്‍, വൈക്കം കരുണാകരന്‍ നായര്‍ തുടങ്ങിയ കലാകാരന്മാരോടൊപ്പം ധാരാളം ചെറു കൂട്ടുവേഷങ്ങള്‍ കെട്ടി. കഥകളി നടനായി രംഗത്തു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ, പ്രസിദ്ധ കഥകളി ഗായകനായ ശ്രീ.തിരുവല്ലാ ചെല്ലപ്പന്‍ പിള്ള ആശാനില്‍ നിന്നും കഥകളി സംഗീതം അഭ്യസിച്ചു. പതിനാലാം വയസ്സില്‍ തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തില്‍ ‘രുഗ്മിണീസ്വയംവരത്തി’നു പാടിക്കൊണ്ട് കഥകളിസംഗീതത്തില്‍ അരങ്ങേറ്റം നടത്തി.
തുടര്‍ന്ന് കഥകളി സംഗീതജ്ഞനായ ശ്രീ. നീലമ്പേരൂര്‍ കുട്ടപ്പപണിക്കര്‍ ആശാന്റെ കീഴില്‍ ഒരുവര്‍ഷം ഉപരിപഠനം നടത്തുകയും അതിനു ശേഷം അദ്ദേഹത്തോടും അതുപോലെ അക്കാലത്തെ പ്രസിദ്ധ കഥകളി ഗായകരായിരുന്ന ശ്രീ. ചേര്‍ത്തല കുട്ടപ്പകുറുപ്പ്, തകഴി കുട്ടന്‍ പിള്ള, ചേര്‍ത്തല തങ്കപ്പപണിക്കര്‍ എന്നിവരോടൊപ്പവും ശങ്കിടിപ്പാട്ടുകാരനായി പ്രവര്‍ത്തിച്ച് അരങ്ങു പരിചയം നേടുകയും ചെയ്തു. 1973ല്‍ കേരള കലാമണ്ഡലത്തില്‍ ആദ്ധ്യാപകനായി നിയമിതനായി. ഒരു വര്‍ഷത്തെ സേവനത്തിനുശേഷം വ്യക്തിപരമായ കാരണങ്ങളാല്‍ കലാമണ്ഡലം വിട്ടുപോരികയും തുടര്‍ന്നു എട്ടു വര്‍ഷക്കാലം കളിയരങ്ങുകളില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തു.
കഥകളിപ്പദാലാപനത്തില്‍ തന്റേതായ ശൈലി സ്വീകരിച്ചിട്ടുള്ള ഈ ഗായകന്‍ കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തു കഥകളിയില്‍ നിറഞ്ഞു നിന്ന, തെക്കു-വടക്കു കഥകളി രംഗങ്ങളിലെ ഒട്ടെല്ലാ കഥകളി നടന്മാര്‍ക്കും വേണ്ടിയും പാടിയിട്ടുണ്ട്. സമ്പ്രദായത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ള ഭാവസംഗീതമാണ് കഥകളിക്കു വേണ്ടത് എന്ന് വിശ്വസിക്കുന്ന ഗോപിക്കുട്ടന്‍ നായര്‍ക്ക് കലാവല്ലഭ പുരസ്‌ക്കാരം, എം.കെ.കെ. നായര്‍ അവാര്‍ഡ് ,കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരം, പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് അവാര്‍ഡ്, ചെന്നിത്തല ചെല്ലപ്പന്‍പിള്ള സ്മാരക പുരസ്‌കാരം (2010) എന്നീ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മദ്ദള കലാകാരനായ കലാഭാരതി ജയന്‍ മകനാണ്.