തിരുവല്ല : ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ (യുഎസ്) പ്രശസ്തമായ ദി ബെർണാഡ് ലൗൺ സ്കോളേഴ്സ് പ്രോഗ്രാമിലേക്ക് ഡോ സരിത സൂസൻ വർഗീസ് തിരഞ്ഞെടുക്കപ്പെട്ടു. പബ്ലിക് ഹെൽത്ത് ടൂൾസ് ഉപയോഗിച്ച് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കൂട്ടം ആരോഗ്യ വിദഗ്ധരുടെ ഒരു അന്താരാഷ്ട്ര കേഡർ സൃഷ്ടിക്കുന്നതിനാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനായി ഈ വർഷത്തെ സമ്മർ പ്രോഗ്രാമിൽ ഡോ. സരിത സൂസൻ പങ്കെടുക്കുകയും പത്തനംതിട്ടയിൽ ഹൃദ്രോഗബാധിതരായ മുതിർന്ന പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണ പദ്ധതിക്ക് ഫണ്ട് സ്വീകരിക്കുകയും ചെയ്യും.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിനിൽ അസോസിയേറ്റ് പ്രൊഫസറായ ഡോ. സരിത സൂസൻ ഫിൻലാന്റിലെ ടാംപെരെ സർവകലാശാലയിൽ ‘പ്രായമായവരിൽ കണ്ടുവരുന്ന ഡിമെൻഷ്യ’ എന്ന വിഷയത്തിൽ ഡോക്ടറൽ ഗവേഷക കൂടിയാണ്. യുഎസിലെ പിറ്റ്സ്ബർഗ് യൂണിവേഴ്സിറ്റി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് എന്നിവയുടെ ധനസഹായത്തോടെ അവർ പ്രായമായവർക്കിടയിൽ ഗവേഷണം നടത്തിവരുന്നു.