പത്തനംതിട്ട: തിരുവല്ലയിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് എതിരെ പിതാവ് പുളിക്കീഴ് പോലീസിൽ പരാതി നൽകി. പരുമല കോട്ടയ്ക്കാ മാലിയിൽ വിഷ്ണു കെ വിജയൻ – സഹിത ദമ്പതികളുടെ മകനും പരുമല സെമിനാരി എൽ.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമായ ആദി സൂര്യയെ മർദ്ദിച്ച സംഭവത്തിലാണ് താൽക്കാലിക അധ്യാപികയായ മണിയമ്മയ്‌ക്കെതിരെ പിതാവ് പോലീസിൽ പരാതി നൽകിയത്. ഇന്നലെ ആയിരുന്നു പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്. കുട്ടിയെ സ്‌കൂളിൽ നിന്നും തിരികെ വിളിക്കാനായി മുത്തച്ഛൻ എത്തുമ്പോൾ മുളങ്കമ്പ് ഉപയോഗിച്ച് അധ്യാപിക ആദിയെ കയ്യിലും കാലിലുമായി അടിക്കുന്നത് കണ്ടു.
തുടർന്ന് മുത്തച്ഛൻ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ കുട്ടി മർദ്ദന വിവരം രക്ഷിതാക്കളോട് പറഞ്ഞു. ഇടത് – വലത് കൈകളുടെ തോൾ മുതൽ താഴേക്കും കൈത്തണ്ടകളിലും അടിയേറ്റ പാടുകൾ കണ്ടതോടെ പിതാവ് വിഷ്ണു കുട്ടിയുമായി പുളിക്കീഴ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പിതാവ് നൽകിയ പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി സ്വീകരിക്കുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഇ ഡി ബിജു പറഞ്ഞു.