തിരുവല്ല: കുന്നന്താനം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ലഹരി വിമുക്ത പ്രചരണത്തിന്‍റെ ഭാഗമായി കേരളപ്പിറവി ദിനമായ ഇന്ന് രാവിലെ കുന്നന്താനം എന്‍ എസ് എസ് സ്കൂള്‍ മുതല്‍ ചെങ്ങരൂര്‍ചിറ വരെ മനുഷ്യചങ്ങല തീര്‍ത്തു. തിരുവല്ല എം എല്‍ എ മാത്യു ടി തോമസ് കണ്ണിയായ മനുഷ്യ ചങ്ങലയില്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രിനിധികളും, കുന്നന്താനം പഞ്ചായത്തിലെ ബ്ലോക്ക് പഞ്ചായത്തംഗങ്ങളും, ഗുരുകുല്‍ മൗണ്ട്, എന്‍.എസ്.എസ്, ഡി.വി.എല്‍.പി.എസ്, എല്‍.വി.എല്‍.പി.എസ്, എസ്.എ.എല്‍.പി.എസ്, ജി.എല്‍.പി.എസ്, എസ്.എന്‍, സെന്‍റ്.മേരിസ്,പാലയ്ക്കാത്തകിടി എന്നീ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളും, അധ്യാപകരും, പഞ്ചായത്ത് ഓഫീസിലേയും, ഘടകസ്ഥാപനങ്ങളിലേയും ജീവനക്കാരും, പോലീസ്-എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും, വ്യാപാരി-വ്യവസായികള്‍, പൊതുജനങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, ഓട്ടോ റിക്ഷാ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, യുവജനങ്ങള്‍ തുടങ്ങി ആയിരക്കണക്കിന് ആള്‍ക്കാര്‍ മനുഷ്യചങ്ങലയില്‍ അണിചേര്‍ന്നു. കീഴ്വായ്പൂര് സബ് ഇന്‍സ്പെക്ടര്‍ ആദര്‍ശ് ലഹരി വിരുദ്ധ പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. ഇതോടനുബന്ധിച്ച് കുന്നന്താനം ജംഗ്ഷനില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീദേവി സതീഷ് ബാബുവിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം എം എല്‍ എ അഡ്വ.മാത്യു ടി തോമസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.