തിരുവല്ല: സംസ്ഥാനത്തെ മന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച് കൈക്കൂലിയും അഴിമതിയും സ്ഥിരമായി നടത്തിയിരുന്ന തിരുവല്ല നഗരസഭ സെക്രട്ടറി അകത്തായതിൻ്റെ ആഘോഷത്തിൽ നാട്ടുകാർ. ഖരമാലിന്യ നിര്‍മ്മാര്‍ജന കരാറുകാരനില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് തിരുവല്ല നഗരസഭാ സെക്രട്ടറിയായിരുന്ന നാരായണന് സ്റ്റാലിൻ വിജിലൻസിൻ്റെ പിടിയിലായത്. ഇദ്ദേഹത്തിൻ്റെ അറസ്റ്റ് ആഘോഷമാക്കി കൗൺസിലർമാരും നാട്ടുകാരും. തിരുവല്ല നഗരസഭയിൽ ഒരു വർഷമായി തുടരുന്ന സെക്രട്ടറിക്കെതിരേ ഇതിനു മുൻപും നിരവധി പരാതികൾ ഉയർന്നിരുന്നെങ്കിലും നടപടിയെടുക്കാനായില്ല. എന്നാൽ, വിജിലൻസ് സംഘം ഇയാളെ പിടികൂടിയതറിഞ്ഞു സമൂഹമാധ്യമങ്ങളിൽ ആഘോഷമായിരുന്നു. നഗരസഭയിലെ കൗൺസിലർമാരടക്കമാണ് ഇതിനെ ആഘോഷമാക്കിയത്.
നടപടിക്രമം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാത്രി വൈകിയാണ് നാരായണനെ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു കൊണ്ടുവന്നത്. ഈ സമയമത്രയും നാട്ടുകാരും മുന്‍ കൗണ്‍സിലര്‍മാരും അടക്കമുള്ളവര്‍ പുറത്തു കാത്തുനിന്നു. വെളിയിലേക്കു വന്ന സെക്രട്ടറിയെ കൈയേറ്റം ചെയ്യാനും നീക്കം നടന്നു. കൂക്കിവിളികളും പരിഹാസ വാചകങ്ങളുമായിട്ടാണ് ഇവര്‍ എതിരേറ്റത്. ഇതു തിരുവല്ലയാണെന്ന് ഉള്ള കമന്റുകളും ഉയർന്നു. ചെങ്ങന്നൂരും നെടുമങ്ങാടുമല്ലെന്ന് ഓര്‍ക്കണമെന്നും ഇവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ചെങ്ങന്നൂർ വെച്ച് ഒരാളെ അയാളുടെ കുടുംബത്തിന് മുൻപിൽ വെച്ച് നഗരസഭ സെക്രട്ടറി ചീത്തവിളിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇയാൾ മുൻപു ജോലി ചെയ്തിരുന്ന സ്ഥലങ്ങളില്‍ വിജിലന്‍സ് സംഘം അന്വേഷണം നടത്തിയിരുന്നു. നാരായണന്റെ വീട്ടിൽ നടന്ന പരിശോധനയിൽ അഴിമതിയുമായി ബന്ധപ്പെട്ട പല രേഖകളും കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. സംസ്ഥാന മന്ത്രിസഭയിലെ ഒരു പ്രമുഖനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന ഒരു രീതിയാണ് നാരായണൻ പലസ്ഥലങ്ങളിലും നടത്തിവന്നിരുന്നത്.
നഗരസഭയിലെ ഭരണകക്ഷിയിലെ പലരും ഇതോടെ സെക്രട്ടറിയുടെ നടപടികളെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. നഗരസഭ ഓഫീസ് കൈക്കൂലിയുടെയും കെടുകാര്യസ്ഥതയുടെയും ഇടമായി മാറുന്നുവെന്നാരോപണം ഉയർന്നതോടെ കൗൺസിലർമാരും സെക്രട്ടറിക്കെതിരേ പരസ്യ നിലപാട് സ്വീകരിച്ചുതുടങ്ങിയിരുന്നു. ചെയർപേഴ്സണായിരുന്ന ശാന്തമ്മ വർഗീസിന്റെ രാജിയിലേക്കു നയിച്ചതും സെക്രട്ടറിയുടെ അനാവശ്യ ഇടപെടലുകളായിരുന്നു. ഇതുമായി ബന്ധപ്പെട്ടു സെക്രട്ടറിക്കെതിരേ മുൻ ചെയർപേഴ്സൺ പരസ്യ നിലപാടെടുക്കുകയും ചെയ്തു.
വിജിലൻസിനും ശാന്തമ്മ വർഗീസ് പരാതി നൽകിയിരുന്നു. ഇപ്പോഴത്തെ അന്വേഷണത്തിൽ ഇതും ഉൾപ്പെടുന്നുണ്ട്. തിരുവനന്തപുരത്തു നടന്ന നഗരസഭാ അധ്യക്ഷരുടെ ചേംബര്‍ യോഗത്തില്‍ തിരുവല്ല നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ ശാന്തമ്മ വര്‍ഗീസ് നാരായണന് സ്റ്റാലിന്റെ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവര്‍ പ്രസംഗം അവസാനിപ്പിച്ചത്. അത്രയ്ക്കു രൂക്ഷമായ മാനസിക പീഡനമാണ് അവര്‍ക്കു നേരിടേണ്ടി വന്നത്. സെക്രട്ടറിയുടെ ചട്ടവിരുദ്ധ നടപടികള്‍ക്കെതിരേ ചെയര്മാന് ചേംബര്‍ ഐകകണ്ഠ്യേനെ പ്രമേയം പാസാക്കി. പക്ഷേ, പ്രയോജനം ഒന്നുമുണ്ടായില്ല.
നഗരസഭയിലെ ഖരമാലിന്യ സംസ്കരണത്തിനുള്ള ക്ലീന്‍ കേരള കമ്പനിയായ ക്രിസ് ഗ്ലോബല്‍സിന്റെ കരാറുകാരന് എം. ക്രിസ്റ്റഫറില്നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്.
2024 വരെ നഗരസഭയുമായി മാലിന്യ സംസ്കരണത്തിന് കരാര്‍ എടുത്തിട്ടുള്ളയാളാണ് ക്രിസ്റ്റഫര്‍. ഖരമാലിന്യ യൂണിറ്റിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാൻ രണ്ടു ലക്ഷം രൂപയാണ് ഇയാളോടു സെക്രട്ടറി ആവശ്യപ്പെട്ടത്. ആദായനികുതി അടയ്ക്കാനായി 25,000 രൂപ അടിയന്തരമായി എത്തിക്കാന്‍ പറഞ്ഞിരുന്നു. വിജിലന്‍സിനെ ക്രിസ്റ്റഫര്‍ സമീപിച്ചപ്പോള്‍ അവര്‍ നല്കിയ മാര്‍ക്ക് ചെയ്ത നോട്ട് കൈക്കൂലിയായി കൊടുക്കുകയും പിടിവീഴുകയുമായിരുന്നു.