തിരുവല്ല: കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത തിരുവല്ല നഗരസഭ സെക്രട്ടറി നാരായൺ സ്റ്റാലിനെ സസ്പെന്റ് ചെയ്തു. തദ്ദേശ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് നടപടി എടുത്തത്. സസ്പെൻഷൻ ഉത്തരവ് ഇറങ്ങുന്നത് വിജിലൻസ് കോടതി ഇയാളെ റിമാന്റ് ചെയ്ത ആറ് ദിവസത്തിന് ശേഷം. ഈ മാസം 5ന് ആണ് കൈക്കൂലി കേസിൽ തിരുവല്ല നഗരസഭ സെക്രട്ടറിയും ജീവനക്കാരിയും വിജിലൻസ് കസ്റ്റഡിയിലാകുന്നത്. സെക്രട്ടറി നാരായൺ സ്റ്റാലിനൊപ്പം പ്യൂൺ ഹസീനയും പിടിയിലായിരുന്നു.
25000 രൂപ കൈക്കൂലി വാങ്ങിയതിനാണ് നഗരസഭ സെക്രട്ടറി നാരായണ്‍ സ്റ്റാലിനെ കസ്റ്റഡിയിലെടുത്തത്. നാരായൺ സ്റ്റാലിന് വേണ്ടി ആളുകളുടെ കൈയ്യിൽ നിന്ന് പണം വാങ്ങിയിരുന്ന ആളാണ് പ്യൂൺ ഹസീന. നഗരസഭയിലെ ഖര മാലിന്യ സംസ്കരണം നടത്തുന്ന ക്രിസ് ഗ്ലോബൽസ് എന്ന കമ്പനി ഉടമയിൽ നിന്നാണ് സെക്രട്ടറി പണം വാങ്ങിയത്. ഖര മാലിന്യ പ്ലാന്റിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണമെന്നായിരുന്നു സെക്രട്ടറി കമ്പനി ഉടമയോട് ആവശ്യപ്പെട്ടത്. ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് സെക്രട്ടറിയും നിലപാടെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നാണ് കമ്പനി ഉടമ വിജിലൻസിൽ പരാതി നൽകിയത്. വിജിലൻസിന്റെ നിർദേശ പ്രകാരം 25000 രൂപയുമായി പരാതിക്കാരൻ സെക്രട്ടറിയുടെ അടുത്തെത്തി. ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകെട്ടുകൾ സെക്രട്ടറി വാങ്ങി പ്യൂണായ ഹസീനയെ ഏൽപ്പിച്ചു. ഈ സമയത്താണ് വിജിലൻസ് സംഘം ഓഫീസിലെത്തിയത്. രണ്ട് പേരെയും കയ്യോടെ പിടികൂടുകയായിരുന്നു.