തിരുവല്ല: സി.എഫ്.എല്‍.ടി.സി നടത്തിപ്പില്‍ അഴിമതി ആരോപിച്ച് തിരുവല്ല നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. എല്‍.ഡി.എഫ് അംഗങ്ങള്‍ ചേര്‍ന്ന് ചെയര്‍പേഴ്‌സണെ തടഞ്ഞു വെച്ചു. ഇന്നുച്ചയ്ക്ക് രണ്ടരയോടെ പ്രതിപക്ഷ അംഗങ്ങള്‍ ചേര്‍ന്ന് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാറിനെ ചേമ്പറില്‍ തടഞ്ഞുവെക്കുകയായിരുന്നു. സി.എഫ്.എല്‍.ടി.സി നടത്തിപ്പില്‍ രണ്ട് വര്‍ഷത്തിനിടെ ഒരു കോടിയുടെ ക്രമക്കേടുണ്ടായെന്നാണ് പ്രതിപക്ഷ ആരോപണം. സി.എഫ്.എല്‍.ടി.സി നടത്തിപ്പിലെ വരവ് ചെലവ് കണക്ക് ജനറല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഇന്നുച്ചയ്ക്ക് മൂന്ന് മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന കൗണ്‍സില്‍ യോഗത്തില്‍ സി.എഫ്.എല്‍.ടി.സി നടത്തിപ്പിനായി ഈ വര്‍ഷം ചെലവഴിച്ച 20 ലക്ഷം രൂപയുടെ ബില്ല് പാസാക്കാന്‍ അജണ്ട നിശ്ചയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കൗണ്‍സില്‍ എല്‍ ഡി എഫ് അംഗങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സി.എഫ്.എല്‍.ടി.സി നടത്തിപ്പിലെ വരവ് ചെലവ് കണക്ക് ജനറല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇന്ന് നടക്കുന്ന കൗണ്‍സിലില്‍ നിന്നും സി.എഫ്.എല്‍.ടി.സി നടത്തിപ്പ് സംബന്ധിച്ച വിഷയം ചര്‍ച്ചയ്‌ക്കെടുക്കില്ലെന്ന ചെയര്‍പേഴ്‌സന്റെ ഉറപ്പിന്മേല്‍ നാല് മണിയോടെ പ്രതിഷേധം അവസാനിച്ചു. തുടര്‍ന്ന് കൗണ്‍സില്‍ യോഗം ചേരുകയായിരുന്നു.